Skip to main content

പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ പ്രതിരോധം ശക്തമാക്കും: ഡി.എം.ഒ

 

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വയറിളക്കം, മഞ്ഞപ്പിത്തം എലിപ്പനി ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് ശക്തമായ പ്രതിരോധ-ബോധവത്കരണ നടപടികള്‍ എടുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗീസ് അറിയിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ എല്ലാ കിണറുകളും എത്രയും വേഗം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ചുള്ള സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും. സാധാരണ ക്ലോറിനേഷന് ഉപയോഗിക്കുന്നതിന്റെ ഇരട്ടി ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ചായിരിക്കും സൂപ്പര്‍ ക്ലോറിനേഷന്‍. ആരോഗ്യ വകുപ്പ് ഫീല്‍ഡ് ജീവനക്കാരുടെ നേതൃത്വത്തിലായിരിക്കും ഇത് നടത്തുക. രണ്ട് മാസം ആഴ്ചയില്‍ രണ്ട് ദിവസം കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം.

പേശീവേദനയോടു കൂടിയ പനി ബാധിച്ച എല്ലാവര്‍ക്കും എലിപ്പനിക്കെതിരെയുള്ള ഡോക്‌സിസൈക്ലിന്‍ ഉപയോഗിച്ചുള്ള ചികിത്സ നല്‍കും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ആഴ്ചയിലൊരു ദിവസം രണ്ട് നേരം ഡോക്‌സി സൈക്ലിന്‍ ഗുളിക നല്‍കും.

ദുരിതാശ്വാസ ക്യാമ്പുകളിലും ദുര്‍ബല വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലും അഞ്ചു വയസുള്ള കുഞ്ഞുങ്ങളുള്ള എല്ലാ വീടുകളിലും വയറിളക്ക പാനീയ ചികിത്സയ്ക്കായി ഒആര്‍എസ് വിതരണം ചെയ്യും. എല്ലാ അങ്കണവാടി കളിലും ആശാ പ്രവര്‍ത്തകരുടെ പക്കലും ഒആര്‍എസ് കരുതല്‍ ശേഖരം ഉറപ്പാക്കും.

ദുരിതാശ്വാസ ക്യാമ്പുകളില്‍ രോഗ പ്രതിരോധ ബോധവത്കരണം നടത്തുകയും ശുചീകരണം ഉറപ്പാക്കുകയും ചെയ്യും. വെള്ളപ്പൊക്കത്തില്‍ കുടിവെള്ള സ്രോതസുകള്‍ മലിനപ്പെട്ടിരിക്കാന്‍ സാധ്യതയേറെയണ്' അതിനാല്‍ എല്ലവരും 10 മിനിട്ടെങ്കിലും നന്നായി തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം വിദഗ്ധ ചികിത്സ നേടണം. 

വെള്ളപ്പൊക്കത്തില്‍ മലിനമായ വസ്തുക്കളും തറയും ബ്ലീച്ചിംഗ് ലായിനി ഉപയോഗിച്ച് കഴുകുന്നതാണ് അണു നശീകരണത്തിന് ഉത്തമം. 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും, 2 - 3 സ്പൂണ്‍ സോപ്പ് പൊടിയും ഉപയോഗിച്ച് 10 ലിറ്റര്‍ ബ്ലീച്ചിംഗ് ലായിനി തയ്യാറാക്കാവുന്നതാണ്. ഒരു മഗ്' വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡറും സോപ്പുപൊടിയും ഇട്ട് കുഴച്ച് കുഴമ്പ് പരുവത്തിലാക്കണം അതിന് ശേഷം ബാക്കിയുള്ള 10 ലിറ്റര്‍ ശുദ്ധജലം ഒഴിച്ച് നേര്‍പ്പിച്ച് 5 മിനിട്ട് അടിയാന്‍ വച്ച ശേഷം ലഭിക്കന്ന തെളിവെള്ളമാണ് ബ്ലീച്ചിംഗ് ലായിനി. ഇത് ഉപയോഗിച്ച് മലിനമായ പാത്രങ്ങള്‍ ഉപകരണങ്ങള്‍ എന്നിവ കഴുകിയെടുക്കാവുന്നതാണ്.

 

date