Skip to main content

വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിന് ശക്തമായ നടപടി

 

വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിന് ജില്ലയിലെ ആറു താലൂക്കുകളിലും സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. താലൂക്ക് സപ്ലൈ ഓഫീസര്‍, രണ്ടു റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണ് സ്‌ക്വാഡിലുള്ളത്. ബുധനാഴ്ച(22) ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സ്‌ക്വാഡ് പരിശോധനയില്‍ 24 വ്യാപാര സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. 37 പലചരക്ക് കടകള്‍, 63 വെജിറ്റബിള്‍ ഔട്ട്‌ലെറ്റുകള്‍, 19 ഹോട്ടലുകള്‍, 13 ബേക്കറികള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പെട്രോളില്‍ മായം ചേര്‍ക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നു പമ്പുകളില്‍ പരിശോധന നടത്തിയെങ്കിലും ക്രമക്കേട് കണ്ടെത്തിയില്ല. പെട്രോള്‍, ഡീസല്‍ എന്നിവയുടെ സ്‌റ്റോക്കില്‍ വെള്ളം കയറിയതു മൂലം ഒരു പമ്പില്‍ വിതരണം നടത്താനാവുന്നില്ലെന്നു കണ്ടെത്തി. റാന്നി താലൂക്കില്‍ വെള്ളം കയറിയ ഗ്യാസ് ഏജന്‍സികളിലെ ഉപയോക്താക്കള്‍ക്ക് സമീപ പ്രദേശങ്ങളിലെ മറ്റ് ഏജന്‍സികള്‍ മുഖേന എല്‍പിജി വിതരണം നടത്തുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. ഐഒസിയുടെ ഏരിയാ മാനേജരുമായി ചര്‍ച്ച നടത്തുകയും കൊല്ലം പ്ലാന്റില്‍ നിന്ന് കൂടുതല്‍ എല്‍പിജി ലോഡുകള്‍ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.  വേണ്ടി വന്നാല്‍ ക്യാഷ് ആന്‍ഡ് ക്യാരി സംവിധാനത്തില്‍ കൂടി കൂടുതല്‍ സിലിണ്ടറുകള്‍ ലഭിക്കുന്നതാണെന്ന് ഓയില്‍ കമ്പനി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ് ബീന അറിയിച്ചു.                    (പിഎന്‍പി 2360/18)

date