Skip to main content

ക്യാമ്പുകളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ അക്ഷയ സംരംഭകര്‍

 

കാക്കനാട്: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ ആളുകളുടെ എണ്ണവും അവരുടെ അടിസ്ഥാന വിവരങ്ങളും ശേഖരിക്കാന്‍ അക്ഷയ സംരംഭകരേയും ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ പഞ്ചായത്ത് തലങ്ങളിലുള്ള ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തി. മഴക്കെടുതിയില്‍ ജില്ലയില്‍ ആരംഭിച്ച 1011 (ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും അടച്ചതും ഉള്‍പ്പെടെ) ക്യാമ്പുകളില്‍ നിന്നുള്ള ആളുകളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, വയസ്, തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന വിവരങ്ങള്‍ റെസ്‌ക്യൂ പോര്‍ട്ടലിലേക്ക് നല്‍കുന്നതിനാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. 

ദുരന്ത നിവാരണത്തിന്റെ ധനസഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഏറ്റവും വേഗത്തില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത് ചെയ്യുന്നത്. മഴക്കെടുതിയുടെ പ്രശ്‌നങ്ങള്‍ ബാധിക്കാത്ത മേഖലകളിലെ അക്ഷയ സംരംഭകരെയാണ് ഇതിനായി ഏര്‍പ്പെടുത്തിയത്. വ്യാഴാഴ്ച കളക്ട്രേറ്റില്‍ വച്ച് നടത്തിയ ക്ലാസില്‍ ഇവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി ഷീല ദേവി, ജൂനിയര്‍ സൂപ്രണ്ട് നൂറുള്ള ഖാന്‍, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അജിഷ എന്‍.എസ്, ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്‍ ജില്ലാ ടെക്‌നിക്കല്‍ ഓഫീസര്‍ ബേസില്‍ദാസ് ലീ സക്കറിയ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

നിലവില്‍ നാനൂറോളം ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്‍ നേരിട്ട് പോയാണ് വിവരങ്ങള്‍ ശേഖരിക്കേണ്ടത്. ഓരോ ക്യാമ്പുകളുമായി ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടേയോ ചാര്‍ജ് ഓഫീസറുടേയോ അടുത്തു നിന്നും വിവരങ്ങള്‍ എടുക്കണം. അതിന് ശേഷം തയ്യാറാക്കിയിരിക്കുന്ന ഘടനയില്‍ വിവരങ്ങള്‍ നല്‍കണം. ഓഫ് ലൈനായി വിവരങ്ങള്‍ നല്‍കി പിന്നീട് ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത്. അടച്ച ക്യാമ്പുകളുടെ അന്‍പത് ശതമാനത്തോളം വിവരങ്ങള്‍ ഉദ്യോഗസ്ഥരുടെ കയ്യിലുണ്ട്. ഇത് നേരത്തെ തന്നെ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയതാണ്. ഇനിയും ഈ വിവരങ്ങള്‍ നല്‍കുന്നത് മൂലമുണ്ടാകുന്ന ഡ്യൂപ്ലിക്കേഷനുകള്‍ ഒഴിവാക്കാന്‍ വിവരങ്ങള്‍ നല്‍കുന്ന അക്ഷയ സംരംഭകരും ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്‍ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം. പരമാവധി ഈ ആഴ്ചയില്‍ തന്നെ എല്ലാവരുടേയും വിവരങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.

നൂറ്റിയന്‍പതോളം അക്ഷയ സംരംഭകരും നൂറോളം ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്‍ ഉദ്യോഗസ്ഥരുമാണ് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. അതിന് ശേഷം ആവശ്യാനുസരണം ജീവനക്കാരെ ഉപയോഗിച്ച് ഇവര്‍ക്ക് വിവരങ്ങള്‍ പോര്‍ട്ടലിലേക്ക് നല്‍കാവുന്നതാണ്. ഓരോ അക്ഷയ സംരംഭകനും രണ്ടോ അതിലധികമോ ക്യാമ്പുകളുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കേണ്ടി വരും. പ്രവര്‍ത്തനം അവസാനിപ്പിച്ച ക്യാമ്പുകളിലെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വില്ലേജ് ഓഫീസറുടെയോ ചാര്‍ജ് ഓഫീസറുടേയോ കയ്യില്‍ നിന്നും ശേഖരിച്ച് അതും പോര്‍ട്ടലിലേക്ക് നല്‍കണം. 48 അക്ഷയ സംരംഭകരാണ് ക്ലാസില്‍ പങ്കെടുത്തത്. വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും ഇ മെയിലുകള്‍ വഴിയുമാണ് പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. വില്ലേജ് തലത്തിലാണ് ഓരോരുത്തര്‍ക്കുമുള്ള മേഖല തിരിച്ചു കൊടുക്കുന്നത്.

date