Skip to main content

ദുരിതബാധിതര്‍ക്ക് സഹായത്തിന്റെ സ്‌നേഹപ്രവാഹം

മഴക്കെടുതിയില്‍ ദുരിതത്തിലായവര്‍ക്കായി അവശ്യവസ്തുക്കളുടെ ശേഖരം പങ്കിടുകയാണ് ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍. വ്യക്തികളും സംഘടനകളും സഹായ വസ്തുക്കളുടെ സാന്ത്വനം പകരുകയാണ്. വിദ്യാര്‍ഥി കൂട്ടായ്മകളും സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. 

ഭക്ഷ്യധാന്യങ്ങളും  പുതപ്പുകളും വസ്ത്രങ്ങളും വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്നു. വിവിധ സംഘടനകള്‍ ഓണാഘോഷത്തിനായി കരുതിയ പണം ആശ്വാസ പ്രവര്‍ത്തനത്തിനായി സംഭാവന ചെയ്യുകയുമാണ്. 

കുട്ടികള്‍ക്കുള്ള പ്രത്യേക ആഹാരം, സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങള്‍, ടൂത്ത് പേസ്റ്റ്, ബ്രഷ്, ബക്കറ്റുകള്‍, നാപ്കിനുകള്‍, ബേബി ഡയപറുകള്‍, മെഴുകുതിരി തുടങ്ങിയവയെല്ലാം വിവധ കേന്ദ്രങ്ങളില്‍ നിന്ന് ഒഴുകിയെത്തി. 

ജില്ലാ കലക്ടറുടെ സ്റ്റുഡന്റ് കമ്യൂണിറ്റി സര്‍വീസ് അംഗങ്ങള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, കോളജുകളിലെ എന്‍.എസ്.എസ്. യൂണിറ്റ് അംഗങ്ങള്‍, ടി.കെ.എം. ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശ്രീനാരായണ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍ തുടങ്ങിയവയാണ് പ്രധാനമായും സഹായവുമായി എത്തിയത്. 

സഹായവസ്തുക്കള്‍ ശേഖരിക്കുന്നതിനും ഇനം തിരിക്കുന്നതിനുമായി പ്രത്യേക കൗണ്ടറാണ് കലക്‌ട്രേറ്റില്‍ സജ്ജീകരിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുക്കള്‍ തരം തിരിച്ചാണ് ഇവിടെ നിന്ന് എത്തിക്കുന്നത്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാഹനങ്ങള്‍ വിട്ടു നല്‍കി. 

സബ്കലക്ടര്‍ ഡോ. എസ്. ചിത്രയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ അമ്പതിലധികം ജീവനക്കാരും വോളന്റിയര്‍മാരും ചേര്‍ന്നാണ് അവശ്യവസ്തുക്കളുടെ സമാഹരണവും വിതരണവും നടത്തുന്നത്.  

(പി.ആര്‍.കെ. നമ്പര്‍ 1904/18)

 

date