Skip to main content

പ്രളയക്കെടുതി:  സമീപ ജില്ലകള്‍ക്ക് ഇന്ന് (ഓഗസ്റ്റ് 18) മുതല്‍ കൊല്ലത്ത് നിന്നും    കൂടുതല്‍ സഹായം - മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

 

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സമീപ ജില്ലകളായ ആലപ്പുഴയ്ക്കും പത്തനതിട്ടയ്ക്കും ഇന്നു (ഓഗസ്റ്റ് 18) മുതല്‍ കൂടുതല്‍  ദുരിതാശ്വാസ സഹായം നല്‍കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. 

കൊല്ലം കലക്‌ട്രേറ്റില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ദുരിതാശ്വാസ സമാഹരണ കേന്ദ്രങ്ങളില്‍ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും വസ്ത്രങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും ആവശ്യാനുസരണം ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ എത്തിച്ചു നല്‍കും. വിതരണത്തിനായി വോളന്റിയര്‍മാരുടെ സേവനവും ലഭ്യമാക്കും. സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുമ്പോള്‍ തന്നെ മാതൃകാപരമായ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ മറ്റ് ജില്ലകള്‍ക്ക് പരമാവധി സഹായവും പിന്തുണയും ഉറപ്പാക്കും.

ജില്ലയില്‍ നിന്ന് 150 ലേറെ വള്ളങ്ങള്‍ ഇതിനോടകം ചെങ്ങന്നൂര്‍ പ്രദേശങ്ങളിലും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലും രക്ഷാ പ്രവര്‍ത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഇവയ്ക്കുള്ള ഇന്ധനത്തിനും മത്സ്യത്തൊഴിലാളികളുടെ ഭക്ഷണത്തിനുമുള്ള സൗകര്യം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുമുണ്ട്. 

വള്ളങ്ങള്‍ നടത്തുന്ന രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ കണ്‍ട്രോള്‍ റൂം ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് ആരംഭിക്കും. കൊല്ലം ജില്ലാ ഭരണകൂടത്തിന്റെ പ്രതേ്യക മേല്‍നോട്ടം ഇതിനായി ഉറപ്പാക്കും. അവശ്യത്തിന് ജീവനക്കാരെയും നിയോഗിക്കും. ജില്ലയിലെ   ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം മികവുറ്റ രീതിയിലാണ് തുടരുന്നത്. ക്യാമ്പുകളില്‍ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും വേണ്ട രീതിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാണെന്ന് മന്ത്രി വിലയിരുത്തി. 

കുടിവെള്ളത്തിന് ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലും ക്യാമ്പുകളിലും ജല അതോറിറ്റി പരിഹാര നടപടികള്‍ സ്വീകരിക്കണം. വിതരണത്തിന്റെ ഉത്തരവാദിത്തം തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിറവേറ്റണം. വൈദ്യതി മുടക്കം ഉണ്ടാകുന്ന സാഹചര്യം നേരിടാന്‍ ക്യാമ്പുകളില്‍ ജനറേറ്റര്‍ സൗകര്യവും ഏര്‍പ്പെടുത്തണം. വൈദ്യുതി തകരാറുകള്‍ അതിവേഗത്തില്‍ പരിഹരിക്കാന്‍ വൈദ്യുതി ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. 

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ വകുപ്പ് മേധാവികള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.

(പി.ആര്‍.കെ. നമ്പര്‍ 1910/18)

date