Skip to main content

പ്രളയദുരന്ത മേഖലകളിലെ ശുചീകരണ യജ്ഞത്തില്‍   പങ്കാളികളാകാന്‍ ഹരിതകേരളം മിഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 

സംസ്ഥാനത്തെ പ്രളയ ദുരന്തബാധിത പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും കുടിവെള്ള സ്രോതസുകളും പൊതുസ്ഥലങ്ങളും ശുചിയാക്കുന്ന തീവ്രയജ്ഞത്തിന് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തുടക്കമായി. പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവ ചേര്‍ന്നാണ് നടപ്പാക്കുന്നത്. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സാമൂഹ്യ സംഘടനകള്‍, വിദ്യാര്‍ഥി യുവജന സംഘടനകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, യൂത്ത് ക്ലബ്ബുകള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയവരുടെ പങ്കാളിത്തത്തിനായി ഹരിതകേരളം മിഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 0471-2449939, 9188120320, 9188120316 എന്നീ നമ്പരുകളിലും ംംം.വമൃശവേമാ.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റിലും രജിസ്റ്റര്‍ ചെയ്യാം. ശുചീകരണത്തിനായി വാര്‍ഡ്തലത്തില്‍ ടീം രൂപീകരിക്കുന്നതിനാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. 

മണ്‍വെട്ടി, മണ്‍കോരി, ചൂല്‍, ഇരുമ്പ്ചട്ടി, റബ്ബര്‍ കുട്ട, ഗ്ലൗസ്, ഗംബൂട്ട്‌സ്, കൈയുറകള്‍, മാസ്‌ക്കുകള്‍, ഡിറ്റര്‍ജന്റ്‌സ്, അണുനാശിനികള്‍, സ്‌ക്രബ്ബര്‍, ലോഷന്‍, പ്രഥമ ശുശ്രൂഷ ഔഷധങ്ങള്‍ തുടങ്ങിയ സാധന സാമഗ്രികള്‍ ശുചീകരണത്തിന് ആവശ്യമുണ്ട്. ഇവ നല്‍കാന്‍ തയ്യാറുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഇവ ജില്ലാതലത്തിലുള്ള ശേഖരണ കേന്ദ്രത്തില്‍ എത്തിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ഹരിതകേരളം മിഷന്‍ നല്‍കും.   പ്രളയ ദുരന്തം നാശം വിതച്ച പ്രദേശങ്ങളിലെ ജനജീവിതം സുഗമമാക്കുന്നതിനുള്ള തീവ്ര സമഗ്ര ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകാന്‍ ഏവരോടും ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അഭ്യര്‍ത്ഥിച്ചു.

(പി.ആര്‍.കെ. നമ്പര്‍ 1957/18)

date