Skip to main content

പ്രളയം: വയറിളക്ക രോഗങ്ങള്‍ക്ക് സാധ്യത-ഡിഎംഒ

 

പ്രളയമുണ്ടായ പ്രദേശങ്ങളില്‍ വയറിളക്ക രോഗ വ്യാപനത്തിന് സാധ്യത കൂടുതലാണെന്ന് ഡിഎംഒ(ആരോഗ്യം)ഡോ.എ.എല്‍. ഷീജ അറിയിച്ചു. പ്രളയത്തില്‍ കക്കൂസ് മാലിന്യം ഉള്‍പ്പെടെ  കുടിവെള്ള ഉറവിടങ്ങളില്‍ എത്തിയിട്ടുണ്ടാകാം. സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയ ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാവു. സൂപ്പര്‍ക്ലോറിനേഷന്‍ നടത്തിയതാണെങ്കിലും കുപ്പിവെള്ളം ഉള്‍പ്പെടെ തിളപ്പിച്ചാറിയ ശേഷം മാത്രമേ കുടിക്കാവു. സോപ്പ് ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. മലമൂത്ര വിസര്‍ജനത്തിനു ശേഷവും ആഹാരത്തിനു മുന്‍പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ആഹാരം പാചകം ചെയ്ത് ചൂടോടെ കഴിക്കാന്‍ ശ്രദ്ധിക്കണം. തുറന്നു വച്ചതോ, ഈച്ച ഇരുന്നതോ ആയ ഭക്ഷണം കഴിക്കരുത്. 

വയറിളക്ക രോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടണം. വയറിളക്കം മൂലം ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഈ അവസ്ഥ ഒഴിവാക്കാന്‍ വയറിളക്ക രോഗികള്‍ക്ക് ഒആര്‍എസ് ലായനിയും സിങ്ക് ഗുളികയും നല്‍കണം. ഒആര്‍എസും സിങ്ക് ഗുളികയും എല്ലാ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും അങ്കണവാടികളില്‍ നിന്നും സൗജന്യമായി ലഭിക്കും. 

date