Skip to main content

ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം കൂടുതല്‍ മൊബൈല്‍ മെഡിക്കല്‍ ടീമിനെ നിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍

 

ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ കൂടുതല്‍ മൊബൈല്‍ മെഡിക്കല്‍ ടീമുകളെ നിയോഗിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജയ്ക്ക് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കളക്ടറുടെ നിര്‍ദേശം. എഴിക്കാട് ഉള്‍പ്പെടെ പ്രളയക്കെടുതിക്കിരയായ ജില്ലയിലെ കോളനികള്‍, പകര്‍ച്ചവ്യാധികള്‍ മുന്‍പ് വന്നിട്ടുള്ള സ്ഥലങ്ങള്‍, സ്ഥിരമായി വെള്ളപ്പൊക്കത്തിനിരയാകുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ ടീം പ്രത്യേക ശ്രദ്ധ നല്‍കണം. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലേക്ക് ആരും വലിച്ചെറിയരുത്. മാലന്യ ശേഖരണത്തിന് തദ്ദേശസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

ബാങ്ക് അക്കൗണ്ട്, ആധാര്‍ നമ്പര്‍ വിവരങ്ങള്‍ നഷ്ടമായവരെ സഹായിക്കുന്നതിന് എല്ലാ ബാങ്ക് ശാഖകളിലും ഹെല്‍പ്പ് ഡെസ്‌ക്ക് സംവിധാനം തുടങ്ങണമെന്ന് ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഫോണ്‍ നമ്പര്‍, ബയോമെട്രിക് രേഖ, ബന്ധപ്പെട്ട വ്യക്തിയുടെ പേര്, പാന്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. പ്രളയത്തിനിരയായവരുടെ അക്കൗണ്ടിലേക്ക് വരുന്ന സഹായധനത്തില്‍ നിന്ന് മിനിമം ബാലന്‍സ് പിഴ പിടിക്കരുതെന്നും കളക്ടര്‍ നിര്‍ദേശിച്ചു. വെള്ളം കയറിയതിനാല്‍ റാന്നി, അയിരൂര്‍, അത്തിക്കയം എന്നിവിടങ്ങളിലെ ബാങ്കുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ ശാഖകളിലെ ഇടപാടുകാര്‍ക്ക് തൊട്ടടുത്തുള്ള ബാങ്ക് ശാഖയില്‍ ഇടപാട് നടത്തുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ലീഡ് ബാങ്ക് മാനേജര്‍ പറഞ്ഞു. 

പ്രളയത്തിന് ഇരയായി ജില്ലയിലെ 550 കിലോമീറ്റര്‍ റോഡ് തകര്‍ന്നിട്ടുണ്ടെന്നും ഇത് നവീകരിക്കുന്നതിന് 426 കോടി രൂപ വേണ്ടി വരുമെന്നും ഭരണാനുമതിക്കായി രേഖകള്‍ സമര്‍പ്പിക്കുമെന്നും പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അനില്‍കുമാര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി റോഡിന്റെ അപകടസാധ്യത പരിശോധിക്കുന്നതിന് പോലീസുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങള്‍ ചത്തതു മൂലം 4.51 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി മൃഗസംരക്ഷണ വകുപ്പ്് ഡെപ്യുട്ടി ഡയറക്ടര്‍ ഡോ. അംബികാദേവി പറഞ്ഞു. 18.50 കോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നശിച്ചിട്ടുണ്ട്. 

കോളനികളും നിര്‍ദ്ധനരായ ജനവിഭാഗങ്ങള്‍ താമസിക്കുന്ന വീടുകളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ മുന്‍ഗണന നല്‍കി ശുചീകരിക്കണമെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ പി.എന്‍. അബുബക്കര്‍ സിദ്ദിക്കിനും ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. രശ്മി മോള്‍ക്കും ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷിനും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ഹുസൈനും കളക്ടര്‍ നിര്‍ദേശം നല്‍കി. സന്നദ്ധപ്രവര്‍ത്തകര്‍ ശുചീകരണത്തിനായി എത്തുമ്പോള്‍ ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍ ആവശ്യമായ സഹായം നല്‍കണം. ചൊവ്വാഴ്ച രാത്രി വരെ ജില്ലയില്‍ 12565 വീടുകള്‍ ശുചീകരിച്ചു. 17704 വീടുകള്‍ ശുചീകരിക്കാന്‍ ബാക്കിയുണ്ട്. 520 പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു. 676 പൊതുസ്ഥലങ്ങള്‍ ശുചീകരിക്കാന്‍ ബാക്കിയുണ്ട്. ഇതുവരെ 1910 കിണറുകള്‍ ശുചീകരിച്ചു. 27383 കിണറുകള്‍ ശുചീകരിക്കാന്‍ ബാക്കിയുണ്ട്. പ്രളയം കൂടുതലായി ബാധിച്ച സ്ഥലം, കൂടുതല്‍ കന്നുകാലികളുള്ള സ്ഥലം എന്നിവ പരിഗണിച്ച് കാലിത്തീറ്റ വീതരണം ചെയ്യണമെന്ന് മൃഗസംരക്ഷണ വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. പ്രളയ ബാധിത മേഖലയിലെ എല്ലാ സ്‌കൂളുകളിലും കുടിവെള്ളം എത്തിക്കുമെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.  വിപണിയില്‍ അമിത വില ഈടാക്കുന്നതിനെതിരേ സിവില്‍ സപ്ലൈസ് വകുപ്പ് ജാഗ്രത പുലര്‍ത്തണമെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

date