Skip to main content

പ്രളയക്കെടുതിയില്‍ ജില്ലയില്‍ പൊതുവിതരണ വകുപ്പിന് ഒരു കോടി രൂപയുടെ നഷ്ടം റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കാന്‍ പ്രത്യേക സംവിധാനം

 

ജില്ലയില്‍ പ്രളയക്കെടുതിയില്‍ പൊതുവിതരണ വകുപ്പിന് ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായതായാണ് പ്രാഥമിക വിലയിരുത്തലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്.ബീന അറിയിച്ചു. വെള്ളംകയറി നശിച്ച റേഷന്‍ സാധനങ്ങളുടെ വിലയാണ് ഈ തുക. എന്‍എഫ്എസ്എയുടെ മൊത്തവിതരണ ഡിപ്പോകളില്‍ ഒന്നും തന്നെ പ്രളയബാധിതമായിട്ടില്ല. എന്നാല്‍ സപ്ലൈകോയുടെ റാന്നി ഡിപ്പോയിലെ ഗോഡൗണ്‍ പൂര്‍ണമായും മറ്റ് താലൂക്കുകളിലെ മാവേലി സ്റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായിട്ടുണ്ട്. സപ്ലൈകോയ്ക്ക് 12.5 കോടിരൂപയുടെ നാശമുണ്ടായതായാണ് വിലയിരുത്തല്‍. 

പ്രളയബാധിത പ്രദേശമായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ള പ്രദേശങ്ങളിലെ കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് അഞ്ച് കിലോഗ്രാം അരി സൗജന്യമായി നിലവിലെ റേഷന്‍ വിഹിതത്തിന് പുറമേ ലഭിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങുന്നവര്‍ക്കും        മടങ്ങിയവര്‍ക്കും 22 അവശ്യസാധനം ഉള്‍പ്പെടുന്ന ഒരു കിറ്റ് സപ്ലൈകോ വഴി തയാറാക്കി വിതരണം  ചെയ്യുന്നുണ്ട്. അഞ്ച് കി.ഗ്രാം അരി, 500 ഗ്രാം വീതം ചെറുപയര്‍, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, പഞ്ചസാര എന്നിവയും പച്ചക്കറിയും വസ്ത്രങ്ങളും കിറ്റുകളില്‍ ഉള്‍പ്പെടുന്നുണ്ട്. 

റേഷന്‍  കടകളില്‍ വെള്ളം കയറി നശിച്ച സാധനങ്ങള്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ച് നശിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രളയത്തില്‍ നശിച്ചുപോയ സാധനങ്ങള്‍ക്ക് പകരം പുതിയവ നല്‍കുന്നതിന് ക്രമീകരണം ആയിട്ടുണ്ട്. നെറ്റ്‌വര്‍ക്ക്  തകരാറുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക കാരണങ്ങളാല്‍ റേഷന്‍ സാധനങ്ങള്‍ മുടക്കാന്‍ പാടില്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ മുമ്പ് ചെയ്തിരുന്നതുപോലെ മാനുവലായി റേഷന്‍ വിതരണം നടത്തണമെന്ന് എല്ലാ റേഷന്‍ കട ഉടമകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതായും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

ജില്ലയിലുണ്ടായ പ്രളയക്കെടുതിയില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അടിയന്തര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ സപ്ലൈഓഫീസര്‍ എം.എസ്.ബീന പറഞ്ഞു. അപേക്ഷയ്‌ക്കൊപ്പം സാധാരണ വാങ്ങാറുള്ള എഫ്‌ഐആര്‍ കോപ്പി, സത്യവാങ്മൂലം ഇവ ഒഴിവാക്കി ലഘുവായ ഒരു അപേക്ഷ മാത്രം കാര്‍ഡുടമകള്‍ ഒപ്പിട്ട് നല്‍കിയാല്‍ മതി. ഇത്തരത്തില്‍ ലഭ്യമാകുന്ന അപേക്ഷകള്‍ 24 മണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി 48 മണിക്കൂറിനുള്ളില്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് പ്രിന്റ് ചെയ്ത് നല്‍കും. പ്രളയത്തില്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കായി സെപ്തംബര്‍ രണ്ട് മുതല്‍ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഹെല്‍പ്പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കും. സെപ്തംബര്‍ 15നകം ഇത്തരത്തിലുള്ള കാര്‍ഡുകള്‍ നല്‍കുന്നതിനാണ്  സര്‍ക്കാര്‍ നിര്‍ദേശം. റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിനാവശ്യമായ സാധനസാമഗ്രികള്‍ സിഡിറ്റ് മുഖേന അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രളയത്തില്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് വില ഈടാക്കാതെയാണ് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കുന്നത്.                  (പിഎന്‍പി 2587/18)

date