Skip to main content

പഞ്ചായത്ത് വാര്‍ഡ് തല ശുചീകരണം അവധി ദിവസങ്ങളിലും തുടരും

 

ജില്ലയില്‍ പ്രളയ ദുരിതം നേരിട്ട 968 വാര്‍ഡുകളില്‍ ഇന്നലെ വരെ 476 വാര്‍ഡുകളിലുള്ള വീടുകളുടെയും കുടിവെള്ള സ്രോതസ്സുകളുടെയും ശുചീകരണം പൂര്‍ത്തിയായതായി ഗ്രാമ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അവധി ദിനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങരുതെന്ന് ഗ്രാമ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡയറക്ടര്‍ പറഞ്ഞു. പരമാവധി ഒരാഴ്ച നീളുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പഞ്ചായത്ത് സെക്രട്ടറിമാര്‍ തങ്ങളുടെ പഞ്ചായത്തിലെ വാര്‍ഡുകള്‍ ശുചീകരിച്ചതായി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കണ്‍വീനറുമായ വാര്‍ഡ് തല സാനിറ്റേഷന്‍ കമ്മിറ്റിക്കാണ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല. വളണ്ടിയേര്‍മാരായി സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യക്തികള്‍ എന്നിവരുടെയും സഹായം തേടുന്നുണ്ട്. ഇവര്‍ക്ക്  സുരക്ഷാ മുന്‍ കരുതലുകള്‍ക്ക് ആവശ്യമായ തുക അതത് പഞ്ചായത്തുകള്‍ക്ക് നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്.  
കിണറുകള്‍, വീടുകള്‍, സ്ഥാപനങ്ങള്‍ ഉള്‍പ്പടെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നായി 64740 ഇടങ്ങളാണ് ശുചീകരിക്കാനുള്ളത്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 27011 വീടുകളില്‍ 20988 എണ്ണത്തിന്റെ ശുചീകരണം പൂര്‍ത്തിയായിട്ടുണ്ട്. ശുചീകരിക്കാനുള്ള 36341 കിണറുകളില്‍ 20562 എണ്ണത്തിന്റെ ശുചീകരണം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.  
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോകിപ്പിക്കുന്നതിനായി ഓണം ബക്രീദ് അവധി ദിവസങ്ങളിലും പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാവുന്നതാണ്. ഫോണ്‍ നമ്പര്‍ 0483 273 48 38.

 

date