Skip to main content

പ്രളയദുരന്തത്തെ ജില്ല നേരിട്ടത് കൂട്ടായ്മയുടെ കരുത്തില്‍

 

അതിരൂക്ഷമായ പ്രളയദുരന്തത്തെ ജില്ല നേരിട്ടത് കൂട്ടായ്മയുടെ കരുത്തിലാണ്. ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസംഘടനകളും പൊതുജനങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് മഹാപ്രളയത്തില്‍ വലിയ ആളപായമില്ലാതെ ജില്ലയെ രക്ഷിക്കുവാന്‍ കഴിഞ്ഞത്. ആഗസ്റ്റ് 14ന് രാത്രി മുന്നറിയിപ്പ് ലഭിച്ചതുമുതല്‍ ജില്ലയിലെ      റവന്യു, പോലീസ്, തദ്ദേശഭരണം, ഫയര്‍ഫോഴ്‌സ്, വനം തുടങ്ങിയ വകുപ്പുകള്‍ അതീവ ശ്രദ്ധയോടെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ദുരന്തനിവാരണത്തിന് കൈത്താങ്ങായത്. ആഗസ്റ്റ് 14ന് രാത്രി വൈകി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ജില്ലയിലെ എല്ലാ തഹസീല്‍ദാര്‍മാര്‍ക്കും അതീവജാഗ്രതാ നിര്‍ദേശം നല്‍കുകയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കുവാനും നിര്‍ദേശിച്ചു. 15ന് രാവിലെ ആറിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ അധ്യക്ഷതയില്‍ റാന്നിയില്‍ ചേര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഔപചാരികമായ ചടങ്ങുകളില്‍ ഒതുക്കി ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസും ജില്ലാ കളക്ടര്‍ പി.ബി.നൂഹും രാവിലെ ഒമ്പത് മണിയോടെ റാന്നിയില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം ഏറ്റെടുത്തു. ഫയര്‍ഫോഴ്‌സിന്റെ ഡിങ്കികള്‍ ചുമന്ന് വെള്ളത്തിലിറക്കുന്നതിനും ജനങ്ങളെ ഒഴിപ്പിക്കുന്നതിനും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് നേരിട്ട് ഇറങ്ങി. രാജുഎബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ 15ന് വെളുപ്പിന് മുതല്‍ ഫയര്‍ഫോഴ്‌സിന്റെ റബര്‍ ഡിങ്കികളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. റാന്നി തഹസീല്‍ദാര്‍ കെ.വി.രാധാകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ റവന്യു വകുപ്പിന്റെ ചുമതലയില്‍ അനൗണ്‍സ്‌മെന്റ് ഉ ള്‍പ്പെടെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും മുന്നറിയിപ്പുകളും നല്‍കിയത് ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് സഹായകമായി. 

റാന്നിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം ജലവിഭവ വകുപ്പ് മന്ത്രിയും ജില്ലാ കളക്ടറും ഉച്ചയോടെ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലെത്തി പ്രവര്‍ത്തനങ്ങളുടെ ഏകോപനം കൂടുതല്‍ കാര്യക്ഷമമാക്കി.എഡിഎം പി.റ്റി.എബ്രഹാം,  ഹുസൂര്‍ ശിരസ്തദാര്‍ വില്യം ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമും അടിയന്തര സാഹചര്യത്തെ നേരിടുന്നതിനുളള സംവിധാനങ്ങള്‍ 15ന് ഉച്ചയോടെ പൂര്‍ണസജ്ജമാക്കി.

ആറന്മുളയില്‍ വീണാജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ കോഴഞ്ചേരി തഹസീല്‍ദാര്‍ ബി.ജ്യോതിയുടെയും വില്ലേജ് ഓഫീസര്‍മാരുടെയും ചുമതലയില്‍ കോഴഞ്ചേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം 15ന് രാവിലെതന്നെ ആരംഭിച്ചിരുന്നു. നേരത്തേ തന്നെ പ്രളയബാധിതമായിരുന്ന തിരുവല്ല താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജലവിഭവ വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം തിരുവല്ല ആര്‍ഡിഒ ടി.കെ.വിനീത്, തഹസീല്‍ദാര്‍ ശോഭന ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തി ല്‍ ഊര്‍ജിതമായി 15ന് തന്നെ ആരംഭിച്ചു. കുടുങ്ങിപ്പോയവരില്‍ ഏറെയും ഇരുനില വീടുകളിലുള്ളവരായിരുന്നു. വീടിന്റെ രണ്ടാമത്തെ നിലയില്‍ വെള്ളം കയറില്ലെന്ന പ്രതീക്ഷയാണ് ഇത്തരക്കാര്‍ കുടുങ്ങിപ്പോകാനുണ്ടായ പ്രധാന കാരണം. കോന്നി താലൂക്കില്‍ അടൂര്‍ പ്രകാശ് എംഎല്‍എയുടെ നേതൃത്വത്തില്‍ തഹസീല്‍ദാര്‍ റ്റി.ജി.ഗോപകുമാറിന്റെയും അടൂര്‍ താലൂക്കില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആര്‍ഡിഒ എം.എ റഹിമിന്റെയും തഹസീല്‍ദാര്‍ ഓമനക്കുട്ടന്റെയും നേതൃത്വത്തിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നടപടികള്‍ 15ന് രാവിലെ തന്നെ ആരംഭിച്ചു. മല്ലപ്പള്ളി താലൂക്കില്‍ തഹസീല്‍ദാര്‍ സോമനാഥന്റെ ചുമതലയിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടര്‍മാരായ പി.അജന്തകുമാരി, വി.ബി.ഷീല, അലക്‌സ് പി.തോമസ്, എസ്.ശിവപ്രസാദ്, ജ്യോതിലക്ഷ്മി എന്നിവരെ വിവിധ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫീല്‍ഡുതല ഏകോപനം നിര്‍വഹിക്കുന്നതിന് നിയോഗിച്ചു. തഹസീല്‍ദാര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി വിവിധ വകുപ്പുകളെ കൂട്ടിയിണക്കി ഫീല്‍ഡുതല ഏകോപനം കാര്യക്ഷമമായി നിര്‍വഹിച്ചത് ഡെപ്യൂട്ടികളക്ടര്‍മാരാണ്.

ജില്ലയിലെ 1076 റവന്യു ജീവനക്കാരില്‍ 800ഓളം പേര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയവും പങ്കാളികളായി. വെള്ളത്തില്‍ കുടുങ്ങിപ്പോയവരും മറ്റ് ജില്ലകളില്‍ നിന്നും എത്തുവാന്‍ കഴിയാതെ വന്നവരും 21ന് ശേഷമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. പ്രളയബാധിത പ്രദേശങ്ങളിലെ വില്ലേജ് ഓഫീസര്‍മാരും വില്ലേജിലെ ജീവനക്കാരുമാണ് ഏറെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചത്. ബോട്ടുകള്‍ എത്തുന്നതിന് മുമ്പ് ആളുകളെ വീടുകളില്‍ നിന്നും വിളിച്ചിറക്കി ക്യാമ്പുകളിലെത്തിക്കുന്നതിന് വില്ലേജ് ജീവനക്കാര്‍ തിരക്കിട്ട ശ്രമങ്ങളാണ് നടത്തിയത്. ജലനിരപ്പ് ഉയര്‍ന്നതോടെ കോഴഞ്ചേരി താലൂക്കിലെ ചില വില്ലേജുകളിലെ ജീവനക്കാര്‍ ചെറിയ വള്ളങ്ങളും ചങ്ങാടങ്ങളും ഉപയോഗിച്ച് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ജീവന്‍ പണയം വച്ചാണ് പല വില്ലേജുകളിലെയും ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. 

15ന് രാവിലെ 16 കുട്ടവഞ്ചികള്‍ വനം വകുപ്പിന്റെ അടവിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ നിന്ന് എത്തിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇത് പര്യാപ്തമല്ലെന്ന ബോധ്യമായ ഉടന്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് മത്സ്യബന്ധന ബോട്ടുകള്‍ എത്തിക്കുന്നതിനുളള ശ്രമങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.ഹരികിഷോര്‍ 15ന് രാത്രി കളക്ടറേറ്റിലെത്തി പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ ജില്ലാ കളക്ടറെ സഹായിച്ചു. 16ന് ഡിഐജി ഷെഫീന്‍ അഹമ്മദ് കൂടി എത്തിയതോടെ റവന്യു, പോലീസ് വകുപ്പുകളുടെ ഏകോപനം കൂടുതല്‍ കാര്യക്ഷമമായി. 

പോലീസ് സേന രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യക്ഷമമായ പങ്കാണ് വഹിച്ചത്. ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തില്‍ 700ഓളം പോലീസ് സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തത്. ഫയര്‍ഫോഴ്‌സിന്റെ 400ഓളം സേനാംഗങ്ങള്‍ ഡിങ്കികളിലും മത്സ്യബന്ധന ബോട്ടുകളിലുമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 

കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നെത്തിയ 149ഓളം   മത്സ്യബന്ധനബോട്ടുകളുടെയും ഇവയിലെ തൊഴിലാളികളുടെയും സേവനമാണ് ജില്ലയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തത്. കുടുങ്ങിക്കിടന്ന 52000ഓളം ആളുകളെ പുറത്തെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചത് ഈ മത്സ്യത്തൊഴിലാളികളും അവരുടെ ബോട്ടുകളുമാണ്. ഇതിന്റെ ഏകോപനം പൂര്‍ണമായും നിര്‍വഹിച്ചത്. കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ എന്‍.നന്ദകുമാറിന്റെ നേതൃത്വത്തില്‍ ഹുസൂര്‍ ശിരസ്തദാര്‍ വില്യം ജോര്‍ജ്, വി.എ.ബേബി, വി.ബിജു, സുജാകുമാരി, രാമകൃഷ്ണപ്രകാശ്, ബാലചന്ദ്രന്‍ എന്നിവരാണ്. ഇതിന് പുറമേ ജില്ലയിലെ സന്നദ്ധസംഘടനകളും യുവജനസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും വിവിധ മത, സാമുദായിക സംഘടനകളും തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് രക്ഷാപ്രവ ര്‍ത്തനങ്ങളില്‍ കാഴ്ചവച്ചത്.

 സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മകള്‍ ദുരന്തങ്ങളെ നേരിടുന്നതിന് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിന്റെ തിളങ്ങുന്ന അധ്യായമാണ് ജില്ലയില്‍ 15 മുതല്‍ നടന്ന ദുരന്തനിവാരണ പ്രവര്‍ത്തനം. 

       (പിഎന്‍പി 2599/18)

date