Skip to main content
kollam _22

കൊല്ലത്ത് 6500 കോടി രൂപയുടെ റോഡ് വികസനം നടപ്പിലാക്കും - മന്ത്രി ജി. സുധാകരന്‍ 

ദേശീയപാതാ വികസനം ഉള്‍പ്പടെ ജില്ലയില്‍ 6509 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആശ്രാമം ലിങ്ക് റോഡിന്റെ ഓലയില്‍ക്കടവ് വരെയുള്ള വികസനത്തിന്റെ ഭാഗമായി തീര്‍ക്കുന്ന ഫ്‌ളൈഓവറിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്നത്. കായല്‍ സംരക്ഷിച്ചുകൊണ്ടാണ് റോഡ് വികസന സാധ്യമാക്കുന്നത്. ഒരു കിലോമീറ്ററിലധികമാണ് ഇതിന്റെ നീളം. 30 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാര്‍ നല്‍കിയിട്ടുള്ളത്. 

 

ദേശീയപാത വികസനത്തിന്റെ ഭാഗമായി നീണ്ടകരയില്‍ നാലുവരി ഗതാഗതം ഉറപ്പാക്കുന്ന പുതിയ പാലം പണിയും. കൊല്ലം - ചെങ്കോട്ട റോഡിന്റെ വീതി കൂട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. ഓച്ചിറ മുതല്‍ പരവൂര്‍ വരെ 12 മീറ്റര്‍ വീതിയുള്ള തീരദേശ റോഡും നിര്‍മ്മിക്കും. ഇതിനായി 300 കോടി രൂപയാണ് ചെലവിടുക. മണ്‍ട്രോതുരുത്ത് പാലത്തിന് മാത്രമായി 60 കോടി രൂപ നല്‍കും. 
റോഡ് അറ്റകുറ്റപണിക്കായി 53 കോടി രൂപ അനുവദിച്ചിട്ടുണ്ട്; ജില്ലയ്ക്ക് മാത്രമായി മൂന്നര കോടിയും. കൊല്ലം നിയോജകമണ്ഡലത്തില്‍ മാത്രം 150 കോടി രൂപയാണ് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. ഇവിടെ അഞ്ച് വര്‍ഷത്തിനകം 750 കോടി രൂപയുടെ വികസനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി. 
കൊല്ലത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷയായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം ബൈപാസ് അടുത്ത വര്‍ഷം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കാനാകും. നഗരത്തിന്റെ സമ്പൂര്‍ണ്ണ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. 

 

കെ. സോമപ്രസാദ് എം. പി. , എം. എല്‍. എ . മാരായ എം. മുകേഷ്, എം. നൗഷാദ്, മേയര്‍ വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, മുന്‍ മന്ത്രി പി. കെ. ഗുരുദാസന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, കോര്‍പറേഷനിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം.എ. സത്താര്‍, ചിന്ത. എല്‍. സജിത്ത്, വി.എസ്. പ്രിയദര്‍ശന്‍, കൗണ്‍സിലര്‍മാരായ ഹണി ബഞ്ചമിന്‍, ബി. ഷൈലജ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date