Skip to main content

ചെല്ലം രണ്ടുദിവസം ഓടിയ തുക ദുരിതാശ്വസത്തിന്

 

ചെല്ലം എന്നപേരില്‍ കോട്ടയം നഗരത്തില്‍  ഓടുന്ന ഓട്ടോറിക്ഷ രണ്ടു ദിവസം ഓടി കിട്ടിയ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി എണ്‍പതിയൊന്നുകാരനായ   ഓട്ടോ ഡ്രൈവര്‍ രാമന്‍. പ്രളയ ജലത്തില്‍  ജീവിതം കലങ്ങിപ്പോയവരെ സഹായിക്കാനുള്ള വഴിയെക്കൂറിച്ചാലോചിച്ചപ്പോള്‍ ഉപജീവനമാര്‍ഗ്ഗം കൊണ്ടുതന്നെ സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. രാമന്‍ അന്‍പത്തിയേഴ് വര്‍ഷമായി ഓട്ടോ ഓടിക്കാന്‍ തുടങ്ങിയിട്ട്. ഈ വരുമാനം കൊണ്ടാണ് നാല് പെണ്‍മക്കളേയും പഠിപ്പിച്ചത്. ഇവരെ വിവാഹം കഴിപ്പിച്ചയക്കാന്‍   കിടപ്പാടം വില്‍ക്കേണ്ടി വന്നു. ഭാര്യ ചെല്ലമ്മയോടും മക്കളോടുമൊപ്പം  ചെലവഴിച്ച ഓണനാളുകളിലൊന്നും രാമന്‍ ഓട്ടോ ഓടിച്ചിരുന്നില്ല.  വിവിഹിതരായി ദൂരെ താമസിക്കുന്ന പെണ്‍മക്കളും ഒന്‍പതുമാസം മുന്‍പ് പരലോകം പൂകിയ ഭാര്യ ചെല്ലമ്മയും കൂടെയില്ലാത്ത ഈ ഓണനാളില്‍  രാമന്‍ ഓട്ടോറിക്ഷ ഓടിച്ചു. സഹഡ്രൈവര്‍മാരുടെ സഹായവും കൂടി ചേര്‍ത്ത്  2600 രൂപയുമായി  കളക്‌ട്രേറ്റില്‍ എത്തി  ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനിയെ ഏല്‍പ്പിച്ചു. 

 

date