Skip to main content

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ച് ആരോഗ്യവകുപ്പ് 

 

ജില്ലയിലെ പ്രളയ മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുളള പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്. 81 മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ച് എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും  നിരന്തരം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയത് ഫലം കണ്ടതായും ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജനറല്‍ ആശുപത്രിവരെയുളളവയിലെ സാധാരണ സേവനത്തെ ബാധിക്കാത്ത തരത്തിലാണ് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിഞ്ഞ 1.14 ലക്ഷത്തിലധികം പേര്‍ക്ക് മെഡിക്കല്‍ ക്യാമ്പുകളിലൂടെ ആരോഗ്യ സേവനം നല്‍കിയത്. മെഡിക്കല്‍ കോളേജ് പി.ജി വിദ്യാര്‍ത്ഥികളും ഐഎംഐയിലെ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരും അടങ്ങുന്ന സംഘമാണ് മെഡിക്കല്‍ ക്യാമ്പ് നയിച്ചത്.  ചങ്ങനാശ്ശേരി -24, കോട്ടയം- 34, വാഴപ്പള്ളി -21, കുറിച്ചി-17, കുമരകം -14, തലയാഴം -14, പായിപ്പാട് - 13, വൈക്കം -12, എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത്. സാധാരണ വൈദ്യപരിശോധനയ്ക്ക് പുറമെ ഗര്‍ഭിണികള്‍ക്കുളള പരിചരണം, കുത്തിവയ്പ, അയണ്‍ഗുളിക വിതരണം, പ്രമേഹ ബാധിതര്‍ക്ക് ഇന്‍സുലിന്‍ കുത്തിവെയ്പ് തുടങ്ങിയവയും നല്‍കിയിരുന്നു. പനിബാധിതരായി കണ്ടെത്തിയവരെ  വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സയും 37747 പേര്‍ക്ക് എലിപ്പനി പ്രതിരോധ മരുന്നും നല്‍കി. 240500 പാരാസെറ്റാമോള്‍ ഗുളിക, ക്ലോട്രി മസോള്‍ ക്രീം -31811, 15825 കിലോഗ്രാം ബ്ലീച്ചിംഗ് പൗഡര്‍, 510300 ക്ലോറിന്‍ ഗുളിക, 1095 ലിറ്റര്‍ ക്ലോറിന്‍ സൊല്യൂഷന്‍, 1569500 ഡോക്‌സിസൈക്ലിന്‍ ഗുളിന്‍ എന്നിവ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്തു. ഇതിനുപുറമെ പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച 1658796 രൂപയുടെ മരുന്നുകളും ശുചീകരണ സാമഗ്രികളും ക്യാമ്പുകളില്‍ നല്‍കി. 

വയറിള രോഗങ്ങള്‍, ശുചിത്വം, പാമ്പുകടി ഏല്‍ക്കാതിരിക്കാനുളള മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് ജില്ലാ മാസ് മീഡിയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലഘുലേഖകളും ഓഡിയോ ക്ലിപ്പുകളും തയ്യാറാക്കി ബോധവത്ക്കരണം നടത്തി.  

date