Skip to main content

കൂട്ടിവച്ച  കുഞ്ഞു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്

കുഞ്ഞിക്കുടുക്കകളില്‍ കൂട്ടിവച്ച നാണയത്തുട്ടുകള്‍ ഒരുമിച്ച് ചേര്‍ത്തപ്പോള്‍ ലഭിച്ച 25000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കോടഞ്ചേരി സെന്റ്.ജോസഫ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍. അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പം  കലക്ട്രേറ്റില്‍ കലക്ടറുടെ ചേമ്പറിലെത്തി ജില്ലാ കലക്ടര്‍ യുവി ജോസിന്റെ കൈകളില്‍ സ്‌കൂള്‍ ലീഡര്‍ സോന തെരേസ ജോസ് ചെക്ക്  ഭദ്രമായി ഏല്‍പ്പിച്ചു. കുട്ടികള്‍ സൈക്കിളും ഉടുപ്പും വാങ്ങാന്‍ സ്വരുക്കൂട്ടിയ നാണയങ്ങളാണ് പലദിവസങ്ങളിലായി അധ്യാപകരുടെ കൈവശം എത്തിച്ചത്. 
പ്രളയക്കെടുതികള്‍ ടി.വിയില്‍ കണ്ടും പത്രത്തില്‍ വായിച്ചും അറിഞ്ഞവരാണ് ഈ കുരുന്നുകള്‍. ആരുടെയും നിര്‍ബന്ധമില്ലാതെ കുട്ടികള്‍ നല്‍കിയ നാണയങ്ങള്‍ ചേര്‍ത്തു വച്ചപ്പോള്‍ ലഭിച്ച തുകയുടെ വലിപ്പം കണ്ട് തങ്ങള്‍ക്കും അത്ഭുതമായെന്ന് പ്രധാനാധ്യാപകന്‍ കെ.സി തങ്കച്ചന്‍ പറഞ്ഞു. പിടിഎ പ്രസിഡന്റ് പിവി റോക്കച്ചന്‍, അധ്യാപകന്‍ ജോബി ജോസ് വിദ്യാര്‍ത്ഥികളായ അഖില സുരേഷ്, അനന്യ രവി, സച്ചു സജീവന്‍,സോനു ചാക്കോ,സിറിള്‍ നോബിള്‍ എന്നിവരാണ് ചെക്ക് നല്‍കാനായി എത്തിയത്.ആദ്യമായല്ല സെന്റ്.ജോസഫ് സ്‌കൂല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുന്നത്. പ്രളയക്കെടുതിയില്‍ അകപ്പെട്ട വയനാട് ജില്ലയില്‍    അവശ്യസാധനങ്ങളുമായി അധ്യാപകരും പിടിഎയും എത്തിയിരുന്നു.    
   

date