Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി  

    സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ അദാലത്ത് പൊതുമരാമത്ത് വകുപ്പ് അതിഥി മന്ദിരത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അധ്യക്ഷതയില്‍ നടന്നു. കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍ പങ്കെടുത്തു. ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍ വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍ക്യത ബാങ്കുകളുടെയും മാനേജര്‍മാര്‍ പരാതി സമര്‍പ്പിച്ച അപേക്ഷകര്‍, മത്സ്യത്തൊഴിലാളി നിരീക്ഷകരായ ഉദയഘോഷ്,പി. അശോകന്‍, കെ.രാജന്‍ എന്നിവരും പങ്കെടുത്തു.
     വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയതില്‍ ഹാജരായ 26 പരാതിക്കാരുടെ കേസുകള്‍ അദാലത്തില്‍ പരിഗണിച്ചു. ഒന്നാം അര്‍ഹത പട്ടിക മുതല്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തതും സര്‍ക്കാര്‍ കടാശ്വാസമായി അനുവദിച്ചതുമായ തുക പലര്‍ക്കും ലഭിച്ചിട്ടില്ലെന്ന് കമ്മീഷന്‍ മുമ്പാകെ പരാതി ലഭിച്ചു. കടാശ്വാസം ലഭിച്ചിട്ടും തുക വായ്പാ കണക്കില്‍ വരവ് വെയ്ക്കാതെ ഈടാധാരങ്ങള്‍ ബാങ്കുകള്‍ തിരികെ നല്‍കുന്നില്ലെന്നും ഈടാധാരം തിരികെ നല്‍കുന്നതിന് കടാശ്വാസത്തിന് പുറമെ അമിത തുക ഈടാക്കിയെന്നും പരാതി ലഭിച്ചിരുന്നു. വിവിധ സിറ്റിംഗില്‍ കമ്മീഷന്‍ നല്‍കിയ ഉത്തരവ് പാലിക്കാത്ത ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വിശദീകരണം നല്‍കുന്നതിനും കമ്മീഷന്‍ നോട്ടീസ്  നല്‍കി
കാരന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത മൂന്ന് മത്സ്യത്തൊഴിലാളികളുടെ പരാതികളില്‍ കമ്മീഷന്‍ നല്‍കിയ ഉത്തരവ് പാലിച്ച് അധികം വാങ്ങിയ തുക തിരികെ നല്‍കുന്നതിനും ഒരു മത്സ്യത്തൊഴിലാളിയുടെ പുതിയ വായ്പയിലേക്ക് വരവ് വയ്ക്കുന്നതിനും കമ്മീഷന്‍ ഉത്തരവ് പാലിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് അഴിയൂര്‍ ശാഖയില്‍ നിന്നും എടുത്ത വായ്പയ്ക്ക് കടാശ്വാസത്തിന് പുറമെ വായ്പക്കാരന്‍ അടക്കാനുള്ള അധിക തുക വയ്പക്കാരന്‍ മരണപ്പെട്ടുപോയ സാഹചര്യത്തില്‍ പ്രത്യേക കേസായി പരിഗണിച്ച് ഇളവ് നല്‍കുന്നതിന് ബാങ്ക് ഭരണ സമിതിയോട് നിര്‍ദ്ദേശിക്കുകയുണ്ടായി. 1,3,6 അര്‍ഹത പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടും കടാശ്വാസം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന പരാതി പ്രകാരം കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശം പരിഗണിച്ച് ആശ്വാസ തുക ബന്ധപ്പെട്ട കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക്, ഇരിങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, ഒഞ്ചിയം സഹകരണ അര്‍ബന്‍ സൊസൈറ്റി എന്നിവയ്ക്ക് നല്‍കാന്‍ ജോയിന്റ് ഡയറക്ടറോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 
    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാവങ്ങാട് ശാഖയില്‍ നിന്നെടുത്ത വായ്പയ്ക്ക് കടാശ്വാസം പരിഗണിക്കാന്‍ വായ്പ രേഖകള്‍ ഹാജരാക്കാന്‍ ബാങ്കിന് സമയം അനുവദിച്ചു. പുറക്കാട്ടിരി ശാഖയില്‍ നിന്നെടുത്ത വായ്പയ്ക്ക് ബാക്കി അടവാക്കാനുള്ള 20,000 രൂപ വായ്പക്കാരന്‍ മരണപ്പെട്ട സാഹചര്യത്തില്‍ ഇളവ് നല്‍കാന്‍ ബാങ്കിനോട് ശിപാര്‍ശ ചെയ്തു.അഴിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് 44,619 രൂപ കടാശ്വാസം അനുവദിക്കുന്നതിന് ശിപാര്‍ശ ചെയ്യാന്‍ ഉത്തരവായി. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നെടുത്ത വായ്പക്ക് കടാശ്വാസം ലഭിച്ചതിനെ തുടര്‍ന്ന് ഈടാധാരം തിരികെ നല്‍കുന്നതിന് നല്‍കിയ നിര്‍ദ്ദേശം പാലിക്കാത്ത എക്സിക്യൂട്ടീവ് എന്‍ജിനിയറോട് സപ്തംബര്‍ 7 ന് കമ്മീഷന്‍ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

 

date