Skip to main content

പ്രളയബാധിതര്‍ക്കായി കുടുംബശ്രീ തയ്യാറാക്കുന്നത് പ്രതിദിനം 5000 കിറ്റുകള്‍

 

കൊച്ചി: ജില്ലയില്‍ പ്രളയം നാശംവിതച്ച പ്രദേശങ്ങളിലെ വീടുകളിലെത്തിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ കിറ്റുകള്‍ തയ്യാറാകുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളാണു കളമശേരിയിലെ വിതരണ കേന്ദ്രത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ കിറ്റുകളില്‍ നിറയ്ക്കുന്നത്. ലോറികളില്‍ നിന്നു സാധനങ്ങള്‍ ഇറക്കുന്നതുമുതല്‍ തരംതിരിച്ചു പാക്കുകളിലാക്കി ലോറികളില്‍ കയറ്റുന്നതുവരെ എല്ലാം ചെയ്യുന്നതു കുടുംബശ്രീ അംഗങ്ങളാണ്. ജില്ലയില്‍ കുടുംബശ്രീയുടെ നിയന്ത്രണത്തില്‍ കിറ്റുകള്‍ തയ്യാറാക്കുന്ന ഏകവിതരണകേന്ദ്രവും ഇതാണ്. പ്രതിദിനം അയ്യായിരം കിറ്റുകളാണ് കുടുംബശ്രീ തയാറാക്കുന്നത്.

കുടുംബശ്രീ അംഗങ്ങള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കിറ്റുകള്‍ തയ്യാറാക്കുന്നതിനു സഹായം ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യങ്ങള്‍ ചെയ്യുന്നതിനായി കുടുംബശ്രീക്കുമാത്രമായി ജില്ലാഭരണകൂടം കളമശേരിയില്‍ കേന്ദ്രം അനുവദിക്കുകയായിരുന്നു. കിറ്റുകള്‍ തയ്യാറാക്കുവാന്‍ കുടുംബശ്രീക്കു മാത്രമായി ഒരു കേന്ദ്രം അനുവദിക്കുവാന്‍ കഴിയുമോയെന്നു കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാ കളക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണു കളക്ടര്‍ അനുമതി നല്‍കിയത്. അതേസമയം മറ്റുകേന്ദ്രങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തമുണ്ട്.

അഞ്ചുകിലോഗ്രാം അരി, ഒരു കിലോഗ്രാം സവാള, അരക്കിലോ ഗ്രാംവീതം പഞ്ചസാര, പയര്‍, പരിപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഉള്ളി ഉള്‍പ്പെടെ അവശ്യസാധങ്ങള്‍ ഈ പാക്കിലുണ്ടാകും. ലഭ്യതയനുസരിച്ചു മറ്റു സാധനങ്ങളും കിറ്റുകളില്‍ നിറയ്ക്കുന്നുണ്ടെന്നു കുടുംബശ്രീ ജില്ലാമിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ കെ.ആര്‍ രാഗേഷ് പറഞ്ഞു. ഇവിടെ തയ്യാറാക്കുന്ന കിറ്റുകള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ ദുരിതബാധിതപ്രദേശങ്ങിലെത്തിക്കും. സമൂഹത്തിനു സഹായകരമാകുന്ന എന്തുകാര്യവും തങ്ങളാല്‍ കഴിയുന്ന വിധം ചെയ്യാന്‍ കുടുംബശ്രീക്ക് കഴിയുമെന്നും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനാകെ ഗുണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

വ്യാഴാഴ്ച്ചയാണ് കളമശ്ശേരിയിലെ പാക്കിംഗ് കേന്ദ്രം ആരംഭിച്ചത്. ഇതുവരെ 50 ലോഡ് സാധനങ്ങളാണ് ഇവിടെ ഇറക്കിയത്. ആദ്യദിവസം 450 പേരാണു സാധനങ്ങള്‍ ഇറക്കുന്നതിനും തരംതിരിക്കുന്നതിനുമായി പങ്കാളികളായത്. ഇപ്പോള്‍ ഓരോ ദിവസവും 250 പേരടങ്ങിയ ബാച്ചാണു കിറ്റുകള്‍ തയ്യാറാക്കുന്നത്. ദിവസവും ഇവര്‍ മാറിവരും. ഇവര്‍ ഓരോ ബാച്ചുകളായി തിരിഞ്ഞ് അരി മുതല്‍ മുളകുപൊടി വരെയുള്ള വിവിധ അവശ്യവസ്തുക്കള്‍ തരംതിരിച്ചു പാക്ക് ചെയ്യുന്നു. പാക്കിംഗ് പൂര്‍ത്തിയാകുമ്പോള്‍ അതു ഭദ്രമായി കെട്ടി ലോറികളില്‍ കയറ്റാന്‍പാകത്തിനു ശേഖരിച്ചുവയ്ക്കുകയാണ്. വൈകുന്നേരം അഞ്ചു വരെ വിശ്രമമില്ലാതെ കിറ്റുകള്‍ തയ്യാറാക്കുന്നതില്‍ 22 വയസുമുതല്‍ 60 കഴിഞ്ഞവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരേ മനസോടെയാണു ഇവിടെ പ്രവര്‍ത്തിക്കുന്നത്. 

കളമശേരിയില്‍ നിന്നുള്ള 63കാരിയായ ഗിരിജ ഗോപാലകൃഷ്ണന്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ചുറുചുറുക്കോടെയാണ് ഓരോ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകുന്നത്. എല്ലാദിവസവും സഹായിക്കാന്‍ തയ്യാറാണെന്നും കുടുംബശ്രീയുടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാന്‍ പ്രായമൊരു തടസമല്ലെന്നും കെട്ടിവച്ച കിറ്റുകള്‍ അടുക്കിവയ്ക്കുന്നതിനിടെ ഗിരിജ പറഞ്ഞു.

date