Skip to main content

റെയില്‍വേ സ്റ്റേഷനിലെ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണകേന്ദ്രങ്ങളിലെത്തി

 

കൊച്ചി:  ദുരിതാശ്വാസത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റെയില്‍വെ സ്റ്റേഷനുളിലെത്തിച്ച സാധനസാമഗ്രികള്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്ത് വിതരണകേന്ദ്രങ്ങളിലെത്തിച്ചു. ഏറ്റെടുക്കുന്ന സാധനങ്ങള്‍ സപ്ലൈകോ ഗോഡൗണ്‍, സെന്‍ട്രല്‍ വെയര്‍ഹൗസ്, കളമശേരി ഗോഡൗണ്‍ എന്നിവിടങ്ങളിലാണ് സംഭരിക്കുന്നത്. ഇന്നലെ വരെ റെയിവേ സ്റ്റേഷനുകളില്‍ എത്തിയ മുഴുവന്‍ പാഴ്‌സലും സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റി.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഓഗസ്റ്റ് 24 മുതല്‍ 31 വരെ 6309 പാഴ്‌സലുകള്‍ എത്തിയിട്ടുണ്ട്. സെക്കന്ദരാബാദ്, മുംബൈ, കോര്‍സ, ബാംഗ്ലൂര്‍, ഡല്‍ഹി, ഡെറാഡൂണ്‍, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് പാഴ്‌സലുകള്‍ എത്തിയത്. 

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഓഗസ്റ്റ് 21 മുതല്‍ 31 വരെ 1020 ടണ്‍ സാധനങ്ങള്‍ വിവിധ ഗോഡൗണുകളിലേക്ക് മാറ്റി. 40 ടണ്‍ സാധനങ്ങള്‍ രണ്ട് ബോഗിയിലായി വ്യാഴാഴ്ച്ച വൈകുന്നേരം  എത്തിയിട്ടുണ്ട്.  60 ട്രെയിനുകളിലാണ് 1020 ടണ്‍ സാധനങ്ങള്‍ എത്തിയത്. രാജ്‌കോട്ട്, ഗുജറാത്ത്, ബോംബൈ, ഡല്‍ഹി, കല്‍ക്കട്ട, ചെന്നൈ, ബാംഗ്ലൂര്‍, ഹൂബ്ലി, വിജയവാഡ എന്നിവിടങ്ങളില്‍ നിന്നാണ് സാധനങ്ങള്‍ എത്തിയത്. മാര്‍ഷലിംഗ് യാര്‍ഡില്‍ 40 ടണ്‍ സാധനങ്ങള്‍ എത്തി.  നാല് ദിവസം കൊണ്ട് 40 ടണ്‍ സാധനങ്ങളും സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റി. 

സെന്‍ട്രല്‍ വെയര്‍ ഹൗസില്‍ 3421 കിന്റല്‍  അരി, ദാല്‍, പഞ്ചസാര, റവ തുടങ്ങിയ  ഭക്ഷ്യ വസ്തുക്കളാണ് ശേഖരിച്ചിരിക്കുന്നത്. ഇതില്‍ 808 കിന്റല്‍ ഭക്ഷ്യ വസ്തുക്കള്‍ വിവിധ പ്രളയ ബാധിത പ്രദേശങ്ങളില്‍ നല്‍കി. കളമശ്ശേരി ഷോറൂം സംഭരണ കേന്ദ്രത്തില്‍ അന്‍പതിലധികം ലോഡ്  സാധനങ്ങള്‍ സംഭരിച്ചിട്ടുണ്ട്. സപ്ലൈകോ സംഭരണ കേന്ദ്രത്തില്‍ 19 ലോഡ് സാധനങ്ങള്‍  ശേഖരിച്ചിട്ടുണ്ട്. അരി, ബിസ്‌ക്കറ്റ്, കുടിവെള്ളം, അമൂലിന്റെ പാല്‍, ബ്രഷ്, പേസ്റ്റ്, റസ്‌ക്, നൂഡില്‍സ്, സ്റ്റീല്‍ പാത്രങ്ങള്‍, സാനിട്ടറി നാപ്കിന്‍, ഡയപര്‍, ജ്യൂസ്, വിവിധ തരം വസ്ത്രങ്ങള്‍, ബേബി ഫുഡ്, എണ്ണ, ചെരിപ്പ്, മരുന്നുകള്‍, പായ, കമ്പിളി പുതപ്പ്, ബക്കറ്റ്, ഒആര്‍എസ് ലായനി തുടങ്ങിയവയാണ് കൂടുതലായും എത്തുന്നത്. 

സബ് കളക്ടര്‍ എസ്. ചന്ദ്രശേഖറിനാണ് റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നുള്ള സാധനനീക്കത്തിന്റെ ഏകോപന ചുമതല. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് സാധനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ചുമതല വിജിലന്‍സ് സെന്‍ട്രല്‍ സോണ്‍ ഡെപ്യൂട്ടി കളക്ടര്‍ അബ്രഹാം ഫിറ്റ്സ് ജെറാള്‍ഡ്, കണയന്നൂര്‍ തഹസില്‍ദാര്‍ വൃന്ദാ ദേവി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ശ്രീവര്‍ധനകുമാര്‍ എന്നിവര്‍ക്കാണ്.  റെയില്‍വേ മാര്‍ഷലിംഗ് യാര്‍ഡില്‍ നിന്ന് സാധനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ചുമതല കണയന്നൂര്‍ എല്‍ആര്‍ തഹസില്‍ദാര്‍ പി.ആര്‍. രാധിക, കോതമംഗലം എല്‍ആര്‍ തഹസില്‍ദാര്‍ കെ.എസ്. പരീത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.സി. രാജു എന്നിവര്‍ക്കാണ്. 

സപ്ലൈകോ ഗോഡൗണില്‍ അസിസ്റ്റന്റ് സെയില്‍സ് ടാക്സ് ഓഫീസര്‍ ജി. അനില്‍കുമാര്‍,  സെന്‍ട്രല്‍ വെയര്‍ഹൗസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.പി. സുരേഷ്,  കളമശേരി ഗോഡൗണില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.എ. ജോസ് എന്നിവര്‍ക്കാണ് സാധനങ്ങള്‍  സംഭരിക്കുന്നതിന്റെ ചുമതല.  

date