Skip to main content

പ്രളയം: മാലിന്യം പുഴയില്‍ തള്ളരുതെന്ന് ജില്ലാ കളക്ടറുടെ കര്‍ശന നിര്‍ദ്ദേശം

 

കാക്കനാട്: പ്രളയബാധിതപ്രദേശങ്ങളിലെ മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പുഴയിലോ മറ്റു ജലസ്രോതസ്സുകളിലോ അവ നിക്ഷേപിക്കരുതെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. വീട് വൃത്തിയാക്കലിന്റെ ഭാഗമായി പലരും ജൈവ, അജൈവ മാലിന്യങ്ങള്‍ വഴിയരികിലും മറ്റും നിക്ഷേപിക്കുന്നുണ്ട്. ഇതൊഴിവാക്കണം. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കണം.  അജൈവമാലിന്യം നിക്ഷേപിക്കാന്‍ ഓരോ തദ്ദേശസ്വയംഭരണസ്ഥാപനവും അതിന്റെ അതിര്‍ത്തിക്കുള്ളില്‍  പൊതുസ്ഥലങ്ങള്‍ താല്‍ക്കാലികമായി നീക്കിവെയ്ക്കണമെന്നും ഇത് പരസ്യപ്പെടുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ ആദ്യഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നത് മൃഗങ്ങളുടെ ജഡാവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതിനാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ ഇത്തരത്തില്‍  70,000 മൃതദേഹങ്ങള്‍ കണ്ടെത്തുകയും ശാസ്ത്രീയമായി സംസ്‌കരിക്കുകയും ചെയ്തു.  പശു, പോത്ത് എന്നിവയുടെ 2480 മൃതദേഹങ്ങളും ആട്, പട്ടി, പൂച്ച തുടങ്ങി പക്ഷികള്‍ ഒഴികെയുള്ള ചെറിയ മൃഗങ്ങളുടെ 2300 മൃതദേഹങ്ങളും ഇതില്‍ ഉള്‍പ്പെടും.   

തങ്ങളുടെ പ്രദേശത്തുള്ള ജൈവമാലിന്യങ്ങള്‍  തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ സംസ്‌കരിക്കണം. ഈ മാലിന്യം പ്ലാസ്റ്റിക്, ഇ- വേസ്റ്റ് എന്നിങ്ങനെ രണ്ടായി തിരിക്കുന്നതിനു പുറമേ കിടക്ക, സോഫ, കുഷ്യന്‍, തുണികള്‍ എന്നിവ പ്രത്യേകമായും സംഭരിക്കണം.  കിടക്ക, സോഫ മുതലായവ ചില നിര്‍മാണ കമ്പനികളുംമറ്റും അസംസ്‌കൃതവസ്തുവായി ഉപയോഗിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.  ഇവ വൃത്തിയായി തരംതിരിച്ചു നല്‍കാനായാല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ മാലിന്യനിക്ഷേപത്തിന്റെ നല്ലൊരു പങ്ക് നിര്‍മാര്‍ജ്ജനം ചെയ്യാനാകും.  തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ശേഖരിക്കുന്ന അജൈവമാലിന്യം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍ വഴി ബ്രഹ്മപുരത്തെത്തിച്ച് വേര്‍തിരിക്കുകയും പുന:ചംക്രമണം ചെയ്യുകയും ചെയ്യും.  ഇതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ക്ലീന്‍ കേരള കമ്പനിയും ജി.ജെ. ഇക്കോ പവര്‍ കമ്പനിയുമാണ് സഹകരിക്കുന്നത്.   

ജൈവമാലിന്യങ്ങള്‍ ദുര്‍ഗന്ധരഹിതവും ശാസ്ത്രീയവുമായി സംസ്‌കരിക്കുന്നതിന് ശുചിത്വമിഷനും ഹരിതകേരളം മിഷനും സംയുക്തമായി സാനി ട്രീറ്റ്, ബയോകുലം എന്നിവ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ലഭ്യമാക്കിക്കഴിഞ്ഞു.  ഇന്ധന പമ്പുകള്‍, പ്രഷര്‍ജെറ്റ് പമ്പുകള്‍, കക്ക, ഹൈഡ്രജന്‍ പെറോക്സൈഡ്, ഗം ബൂട്ടുകള്‍, മാസ്‌കുകള്‍, കയ്യുറകള്‍ തുടങ്ങിയവ ജില്ലാഭരണകൂടം വിതരണം ചെയ്തിട്ടുണ്ട്.  ജെ.സി.ബി.കളും ടിപ്പറുകളും ആവശ്യാനുസരണം എത്തിക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കി.   

ആഗസ്റ്റ് 26 ന് തുടങ്ങിയ മാലിന്യ ശേഖരണം 6 ദിവസം കൊണ്ട് 14 പഞ്ചായത്തുകളില്‍ നിന്നായി 250 ടണില്‍ അധികം മാലിന്യം മാറ്റിക്കൊണ്ട് മുന്നേറുന്നു. 

കഴിഞ്ഞ ഒറ്റദിവസം മാത്രം കടുങ്ങല്ലൂര്‍, ചിറ്റാറ്റുകര, പുത്തന്‍വേലിക്കര, ചേന്ദമംഗലം, കുന്നുകര പഞ്ചായത്തുകളില്‍ നിന്നായി 100 ടണ്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു. കൃത്യമായി വേര്‍തിരിച്ച ശേഷം കമ്പനി പറയുന്ന പൊതു കേന്ദ്രത്തിലേക്ക് മാലിന്യങ്ങള്‍ എത്തിക്കാനുള്ള അനുമതിയും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതുവരെ അജൈവമാലിന്യം 3424 ടണ്‍ ശേഖരിച്ചുകഴിഞ്ഞു. ഇതില്‍ 14 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 211 ടണ്‍ അജൈവമാലിന്യങ്ങള്‍ സംസ്‌കരണത്തിനായി ബ്രഹ്മപുരത്തെത്തിച്ചു.  അങ്കമാലിയില്‍നിന്നുമാത്രം 33 ലോഡ് മാലിന്യമാണ് എത്തിച്ചത്.  ബ്രഹ്മപുരത്ത് ഇവയുടെ വേര്‍തിരിക്കല്‍ പ്രക്രിയ പുരോഗമിക്കുകയാണ്.  

ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി 2200 പോലീസുകാര്‍, 1000 വളണ്ടിയര്‍മാര്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കു പുറമേ ഇലക്ട്രോണിക് വസ്തുക്കളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് സാങ്കേതിക സഹായം നല്‍കാന്‍ 300 നൈപുണ്യകര്‍മ്മസേനാംഗങ്ങളും രംഗത്തുണ്ട്.

date