Skip to main content

ക്യാമ്പിലെത്തിയ കുടുംബങ്ങളെ യാത്രയാക്കിയത് മാനസിക സമചിത്തത കൈവരിക്കുംവിധം കൗണ്‍സിലിംഗ് നല്കിയശേഷം

 

 

           സ്വന്തമായി ആകെയുണ്ടായിരുന്ന വീട് കണ്‍മുന്നില്‍ തകര്‍ന്നു വീഴുന്നു, ജീവന്‍ അപഹരിക്കാനായി ഉരുള്‍പൊട്ടിവരുന്നു, അപ്പോള്‍ വരെ തൊട്ടടുത്ത് ഉണ്ടായിരുന്നതൊക്കെയും മണ്ണിനടിയിലാകുന്നു, എപ്പോള്‍ വേണമെങ്കിലും വീടിനുമേല്‍ വീഴാന്‍ തയ്യാറായി നില്ക്കുന്ന പടുകൂറ്റന്‍ കല്ലുകളും അടര്‍ന്നു നില്ക്കുന്ന മലയും- ഇവയെല്ലാം ഒരു വ്യക്തിയുടെ മനസിന്റെ താളം നഷ്ടപ്പെടുത്താന്‍ ധാരാളമായിരുന്നു. ഈ അവസ്ഥയില്‍ പാതി ചത്ത മനസുമായാണ് ഓരോ കുടുംബവും ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. പലരും പൊതുപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് ക്യാമ്പിലെത്തിയത്. തങ്ങള്‍ ഒരായുസുമുഴുവന്‍ കഷ്ടപ്പെട്ട് കെട്ടി ഉയര്‍ത്തിയതെല്ലാം നഷ്ടപ്പെട്ടിട്ട് എന്തിന് ജീവിക്കണം എന്നാണ് അവര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. ഈ അവസ്ഥയില്‍ ക്യാമ്പിലെത്തിയവരെ യാഥാര്‍ത്ഥ്യം പറഞ്ഞു മനസിലാക്കി സാധാരണ നിലയിലെത്തിക്കാന്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് ഏറെ പ്രയത്‌നിക്കേണ്ടി വന്നു. 

      ക്യാമ്പിലെത്തിയ ഓരോരുത്തരോടും പ്രത്യേകമായി സംസാരിച്ച് അവരെ ആശ്വസിപ്പിച്ചു. പലരും  പെട്ടെന്നുണ്ടായ ഷോക്കില്‍  ബി പി കൂടിയും മറ്റ് ശാരീരിക അസ്വസ്ഥതകളുമായാണ് ക്യാമ്പിലെത്തിയത്. യാഥാര്‍ത്ഥ്യങ്ങളോടു പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകത പറഞ്ഞു മനസിലാക്കി. പുതിയ ജീവിത സാഹചര്യങ്ങളൊരുക്കുവാന്‍ ഏവരും കൂടെയുണ്ടെന്ന് ബോധ്യപ്പെടുത്തി. ദൂരന്തത്തിന് നേര്‍സാക്ഷികളായി ഭയന്നുപോയ കുട്ടികളെ പഴയപടിയാക്കാനായിരുന്നു ഏറെ പരിശ്രമം വേണ്ടി വന്നതെന്ന് കട്ടപ്പന ക്യാമ്പില്‍ കൗണ്‍സിലിംഗ് നല്കിയ രമ്യ പി.യു പറഞ്ഞു. ക്യാമ്പ് നടന്ന എട്ട് ദിവസവും എല്ലാവരോടും സംവദിച്ച് കൗണ്‍സിലര്‍മാര്‍ ആളുകളുടെ മാനസിക പിരിമുറുക്കം കുറച്ചു. കുട്ടികളെ മറ്റു കുട്ടികളുമായി കളിക്കാന്‍ വിട്ടും ബിസ്‌ക്കറ്റും ചോക്കലേറ്റും നല്കിയും  മാനസികമായി പൂര്‍വ്വ സ്ഥിതിയിലെത്തിച്ചു. ക്യാമ്പിന്റെ അവസാന ദിനത്തിലെത്തിയതോടെ ഇനിയൊരു പുതുജീവിതം ആരംഭിക്കാന്‍ തക്കവിധം മാനസികമായി തയ്യാറെടുപ്പിച്ചാണ് സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ ക്യാമ്പിലെ ഓരോരുത്തരെയും യാത്രയാക്കിയത്. എല്ലാ ക്യാമ്പുകളിലും ഇത്തരത്തില്‍ വനിതാ-ശിശു വകുപ്പിന്റെ കീഴിലുളള സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം ക്യാമ്പിലെത്തിയവര്‍ക്ക് ആശ്വാസമായി.

date