Skip to main content

കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം

 

വെള്ളപ്പൊക്കത്തിന് ശേഷം വരും ദിവസങ്ങളില്‍ ഡെങ്കിപ്പനി, മലമ്പനി, തുടങ്ങിയ കൊതുകുജന്യരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. വി ജയശ്രീ അറിയിച്ചു. 

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്, ശുദ്ധജലത്തില്‍ മുട്ടയിട്ടു വളരുന്നു വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങള്‍, ചിരട്ടകള്‍, ടയറുകള്‍, ടിന്നുകള്‍, വീടിനു ചുറ്റുമുള്ള പാഴ്വസ്തുക്കള്‍. വെള്ളം കെട്ടിനില്‍ക്കുന്ന സണ്‍സൈഡുകള്‍ തുടങ്ങിയവ ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങളാണ് കൂടാതെ വീടിനകത്തെ ഫ്രിഡ്ജിന് പുറകിലെ ട്രേയിലും ചെടിച്ചട്ടി ട്രേയിലും ഉപയോഗിക്കാത്ത ക്ലോസെറ്റുകളിലും ഇവ വളരുന്നു.

പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, തൊലിപ്പുറമേ ചുവന്നു തടിച്ച പാടുകള്‍, ശരീരവേദന, വെളിച്ചത്തേക്ക് നോക്കാന്‍ പ്രയാസം എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. രോഗം വരാതിരിക്കാന്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

•    ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങള്‍ ഇല്ലാതാക്കുക
•    വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുകയോ മണ്ണിട്ടു നികത്തുകയോ ചെയ്യുക
•    കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മണ്ണെണ്ണ/കരി ഓയില്‍ ഒഴിച്ച് കൂത്താടികളെ നശിപ്പിക്കുക
•    ജലാശയങ്ങളില്‍ കൂത്താടി ഭോജികളായ ഗപ്പി മത്സ്യങ്ങളെ നിക്ഷേപിക്കുക.
•    റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ ഉപയോഗത്തിനുശേഷം കമിഴ്ത്തി വെയ്ക്കുകയോ വെള്ളം തങ്ങിനില്‍ക്കാത്ത വിധം സൂക്ഷിക്കുകയോ ചെയ്യുക.
•    കവുങ്ങിന്‍ തോട്ടങ്ങളിലെ പാളകള്‍ നീക്കം ചെയയ്കുയോ വെള്ളം തങ്ങിനില്‍ക്കാത്തവിധം സൂക്ഷികുകയോ ചെയ്യുക.
•    ടെറസ്സിലും സണ്‍ഷേഡിലും കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കുക. 
•    കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ വ്യക്തിഗത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക- കൊതുകുവല ഉപയോഗിക്കുക, ലേപനം പുരട്ടുക, ശരീരം മുഴുവന്‍ മറയ്ക്കുന്നവിധമുള്ള വസ്ത്രം ധരിക്കുക.
•    രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് വിധേയരാകാതെ ആരോഗ്യസ്ഥാപനങ്ങളില്‍ ചികിത്സ തേടുക.
•    കൊതുകു നശീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക.
•    ആഴ്ച്ചയില്‍ ഒരിക്കല്‍ വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈഡേ ആചരിക്കുക.

date