Skip to main content
ഉടുമ്പന്നൂര്‍ കോടിക്കുളം പഞ്ചായത്തുകളിലെ ഉരുള്‍പൊട്ടല്‍ വെള്ളപൊക്ക ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുന്ന ജോയ്‌സ് ജോര്‍ജ് എം പി

പ്രളയ ദുരന്തത്തെ പറ്റി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് അര്‍ഹമായി ലഭിക്കേണ്ട നഷ്ടപരിഹാരത്തെ തടസ്സപ്പെടുത്തും : ജോയ്‌സ് ജോര്‍ജ് എം. പി.

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തെ പറ്റി അനാവശ്യ
വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ അര്‍ഹമായവര്‍ക്ക് ലഭിക്കേണ്ട
നഷ്ടപരിഹാരത്തെ തടസ്സപ്പെടുത്തും എന്ന് ജോയ്‌സ് ജോര്‍ജ് എം. പി. പ്രളയവും
ഉരുള്‍പൊട്ടലും മനുഷ്യസൃഷ്ടിയെന്ന് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവര്‍
ഇതൊരു പ്രകൃതിയുടെ പ്രതിഭാസം ആണെന്ന് മനസ്സിലാക്കണം. ഉടുമ്പന്നൂര്‍
കോടിക്കുളം പഞ്ചായത്തുകളിലെ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക
ദുരന്തമേഖലകളില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു
അദ്ദേഹം. ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ മാത്രം 25 ലധികം ഉരുളുകളാണ്
പൊട്ടിയത്. ഇതില്‍ 2 എണ്ണ മൊഴികെ ബാക്കിയെല്ലാം വനത്തിനുള്ളില്‍ നിന്നാണ്
പൊട്ടി വന്നിട്ടുള്ളത്. ഉരുള്‍പൊട്ടലും  മണ്ണിടിച്ചിലും മൂലം
കോടിക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. പട്ടയമുള്ള
ഭൂമിയില്‍ തലമുറകളായി കൃഷി ചെയ്തുവന്നിരുന്ന കൃഷിക്കാരെയും ജീവനും വീടും
നഷ്ടപ്പെട്ടവര്‍ക്കും ലഭിക്കേണ്ട അര്‍ഹമായ നഷ്ട പരിഹാരം ഈ ഘട്ടത്തില്‍
അടിയന്തിരമായ ലഭിക്കേണ്ടതുണ്ട്.  പുനരധിവാസ പ്രവര്‍ത്തനങ്ങളിലും
നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുമാണ് ജനപ്രതിനിധികളും
മറ്റു ഉദ്യോഗസ്ഥരും ഈ സന്ദര്‍ഭത്തില്‍  ശ്രദ്ധിക്കേണ്ടതെന്നും അനാവശ്യ
വിവാദങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍തിരിയണമെന്നും അദ്ദേഹം
അഭ്യര്‍ത്ഥിച്ചു. ഉരുള്‍പൊട്ടി ഏക്കര്‍ കണക്കിന് കൃഷിഭൂമികള്‍ നശിച്ച
ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ മലയിഞ്ചി, ചേലകാട്, പെരിങ്ങാശ്ശേരി,
കട്ടിക്കയം പ്രദേശങ്ങളും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വീട്
നഷ്ടപ്പെട്ടവരേയും, വെള്ളപ്പൊക്കമുണ്ടായ അമയപ്ര കച്ചിറ മൂഴി , കോടിക്കുളം
പഞ്ചായത്തിലെ വിവിധ മേഖലകളിലെ പ്രദേശവാസികളേയും എം.പി നേരില്‍ കണ്ട്
ആശ്വസിപ്പിച്ചു. തകര്‍ന്നു പോയ പാലങ്ങളും റോഡുകളും
പുനര്‍നിര്‍മ്മിക്കുന്നതിനും സര്‍ക്കാര്‍ സഹായങ്ങള്‍
വേഗത്തിലാക്കുന്നതിനുമുള്ള ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം ഉറപ്പു
നല്‍കി.

കട്ടിക്കയം, പെരിങ്ങാശ്ശേരി മേഖലയില്‍ പൂര്‍ണമായും തകര്‍ന്ന 2 വീടുകള്‍
ഉണ്ട്. കൂടാതെ നിരവധി വീടുകള്‍ മണ്ണിടിഞ്ഞും ഭൂമി പിളര്‍ന്നും ഭാഗീകമായി
തകര്‍ന്നവയാണ്. താഴേമൂലാക്കാട്, വെള്ളിയാനി, പെരുമ്പെപതി, ചേടാകാട് എന്നീ
പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും സംഭവിച്ചതിനു ശേഷം
തോടുകളിലെയും കിണറുകളിലെയും വെള്ളം പെട്ടന്ന് തന്നെ വറ്റിവരണ്ട
അസാധാരണമായ ഒരു പ്രതിഭാസമാണ് കാണുന്നത്. കൂടാതെ പലയിടങ്ങളിലെയും ഭൂമി
താഴ്ന്നുപോകുകയും ചെയ്തു. ഇതുമൂലം ഈയിടങ്ങളിലെ ആളുകള്‍ ഇപ്പോഴും
സുരക്ഷിതരല്ല. തുലാം മഴ അടുക്കുന്തോറും ആളുകളില്‍ ഭയം വര്‍ധിച്ചുവരികയാണ്
എന്നും പഞ്ചായത്ത് മെമ്പര്‍ നീതു ബാബുരാജ് പറഞ്ഞു. ഉടുമ്പന്നൂര്‍
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എസ് രാജന്‍, നീതു ബാബുരാജ്, ബീന
രവീന്ദ്രന്‍, ബിന്ദു രവീന്ദ്രന്‍ എന്നിവരും പാര്‍ട്ടി നേതാക്കളും എം
പിയോടൊപ്പം ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

 

date