Skip to main content

അടിയന്തരധനസഹായവിതരണം അന്തിമഘട്ടത്തില്‍ -  ജില്ലാ കലക്ടര്‍

കാക്കനാട്: പ്രളയദുരിതബാധിതര്‍ക്കുള്ള അടിയന്തരധനസഹായവിതരണം അന്തിമഘട്ടത്തിലെത്തിയതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.  ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ജില്ലാ ഭരണകൂടം കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച് കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജില്ലയില്‍ ധനസഹായവിതരണം 90 ശതമാനം പൂര്‍ത്തിയായി.  ജില്ലയിലെ ആകെ ദുരിതബാധിതകുടുംബങ്ങളുടെ എണ്ണം 1,68,298 ആണ്.  ഇതില്‍ 1,50,852 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ധനസഹായമെത്തി.   ആലുവ താലൂക്കില്‍ 31599, കണയന്നൂര്‍ 18637, കൊച്ചി 3475, കോതമംഗലം 2036, കുന്നത്തുനാട് 9712, മൂവാറ്റുപുഴ 8411, പറവൂര്‍ 76982 വീതം പേര്‍ക്കാണ് ധനസഹായം ലഭ്യമാക്കിയത്.  ശേഷിക്കുന്ന 17446 പേരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.    
ദുരിതബാധിതര്‍ക്ക് അടിയന്തരധനസഹായം നല്‍കിയതിന്റെ വിശദവിവരം എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ernakulam.gov.inല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടാതെ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലും ഇതിന്റെ ലിങ്ക് നല്‍കിയിട്ടുണ്ട്.  രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസനടപടികളും സംബന്ധിച്ച് ആവശ്യങ്ങളറിയിക്കാനും പരാതിപ്പെടാനുമെല്ലാം നിരവധിപേരാണ് ദിവസവും ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കുന്നത്.  കിറ്റുവിതരണവും ധനസഹായവിതരണവും സംബന്ധിച്ച വിവരങ്ങള്‍ താലൂക്ക് തലത്തിലോ വില്ലേജ് തലത്തിലോ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലോ അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുന്നതിലൂടെ സാധിക്കും.  താലൂക്ക് അടിസ്ഥാനത്തില്‍ പ്രത്യേകമായും ജില്ലാടിസ്ഥാനത്തില്‍ മൊത്തമായും നടത്തിയ വിതരണ വിവരം ലഭ്യമാണ്.  ആഗസ്റ്റ് 15 മുതല്‍ 19 വരെയാണ് പ്രളയം ജില്ലയില്‍ കനത്ത നാശം വിതച്ചത്.  ശേഷമുള്ള 20 ദിവസത്തിനകംതന്നെ ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച് കൈക്കൊണ്ട നടപടികള്‍ പൊതുജനങ്ങള്‍ക്കു മനസ്സിലാകുംവിധം ലളിതമായി പ്രത്യേകം തയ്യാറാക്കി. ഇന്ത്യയിലാദ്യമായാണ്  ഇത്തരത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിശദവിവരം ഒരു ജില്ലാ ഭരണകൂടം പൊതുജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കുന്നത്.  അനര്‍ഹര്‍ ഉള്‍പ്പെടുകയോ അര്‍ഹര്‍ വിട്ടുപോവുകയോ  ചെയ്തിട്ടുണ്ടെങ്കില്‍ കളക്ടറുടെ ഫേസ് ബുക്ക് പേജില്‍ പരാതിപ്പെടാം. ഇതിനോടകം 97 പരാതികള്‍ ഈയിനത്തില്‍ ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ കബളിപ്പിച്ചതാണെങ്കില്‍ വീട്ടുടമയ്ക്ക് നോട്ടീസ് നല്‍കും.  പണം സര്‍ക്കാരിലേക്ക് തിരിച്ചടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും.  ഉദ്യോഗസ്ഥരുടെ പക്ഷത്താണ് തെറ്റെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കും.     അര്‍ഹതയുള്ള പലരും അടിയന്തരധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്.  ഇവരെ അഭിനന്ദിക്കുന്നതായി അദ്ദേഹം അറിയിച്ചു. 
പ്രളയംമൂലമുണ്ടായ  ജൈവവും അജൈവവുമായ മാലിന്യങ്ങള്‍  സെപ്റ്റംബര്‍ പതിനഞ്ചോടെ പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യും.  ജൈവമാലിന്യങ്ങള്‍ തദ്ദേശീയമായി കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്.  12,200 ടണ്‍ ജൈവമാലിന്യങ്ങളാണ് നീക്കംചെയ്യാനുണ്ടായിരുന്നത്.  2810 ടണ്‍ അജൈവമാലിന്യമാണ് ബ്രഹ്മപുരത്തെത്തിച്ചത്.  
ജില്ലയില്‍ എലിപ്പനി കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചതായും കളക്ടര്‍ അറിയിച്ചു.  എല്പ്പനി നിയന്ത്രണവിധേയമാണ്.  കൊതുകുജന്യരോഗങ്ങളെയാണ്  ഭയക്കേണ്ടതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.  ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം ജാഗ്രതയിലാണ്.  211 പേര്‍ എലിപ്പനിലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതില്‍ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.  ഇതില്‍ എട്ടുപേര്‍ മരണപ്പെട്ടു.  ഡെങ്കിപ്പനി ലക്ഷണമുള്ള 83 പേരെ പരിശോധിച്ചതില്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം കുറവാണെന്നും കളക്ടര്‍ അറിയിച്ചു.  ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമും കൊതുകുജന്യരോഗനിയന്ത്രണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.  
കുടിവെള്ള സാമ്പിളുകളുടെ പരിശോധനയും ജില്ലയില്‍ തുടരുകയാണ്.  ക്ലോറിനേഷനടക്കമുള്ള ശുദ്ധീകരണനടപടികള്‍ ഫലപ്രദമായി നടക്കുന്നുണ്ട്.
 ജില്ലയിലെ 117 പ്രളയബാധിതസ്‌കൂളുകളില്‍ മൂന്നെണ്ണം പഠനം തുടരാനാവത്തവിധം നശിച്ചു.  ജി.എല്‍.പി.സ്‌കൂള്‍ മൂവാറ്റുപുഴ, മുടവൂര്‍, പഴമ്പിള്ളിത്തുരുത്ത് എന്നീ സ്‌കൂളുകളാണ് നശിച്ചത്.    ഈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സമീപത്തുള്ള കെട്ടിടത്തില്‍ പഠനത്തിന് താല്‍കാലിക സംവിധാനമൊരുക്കിയിട്ടുണ്ട്.  അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്നും പുസ്തകം ലഭ്യമാക്കി പാഠപുസ്തകങ്ങളുടെ അപര്യാപ്തത പരിഹരിക്കും.  രണ്ടു ലക്ഷം നോട്ടുപുസ്തകങ്ങള്‍ ആവശ്യമുള്ളിടത്ത് 80,000 പുസ്തകങ്ങള്‍ വിദ്യാഭ്യാസവകുപ്പ് ലഭ്യമാക്കി.  തദ്ദേശസ്ഥാപനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരുംമറ്റും ശേഷിക്കുന്നവ ലഭ്യമാക്കുന്നുമുണ്ട്.  സ്‌കൂള്‍ ബാഗും മറ്റു പഠനസാമഗ്രികളും സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് ലഭിക്കുന്നത്.  യൂണിഫോം ഹാന്‍ഡ്‌ലൂം നല്‍കും.
ദുരിതാശ്വാസ സാധനങ്ങളുടെ വരവ് ജില്ലയില്‍ കുറഞ്ഞതായും കളക്ടര്‍ അറിയിച്ചു.  ചരക്കുവണ്ടിയില്‍ സാധനമെത്തുന്നില്ല.  പാസഞ്ചര്‍ ട്രെയിനുകളില്‍ പാഴ്‌സലായി ഇപ്പോഴും സാധനങ്ങള്‍ വരുന്നുണ്ട്.  ഇതും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.  സര്‍ക്കാരിലേക്ക്  എന്ന കുറിപ്പോടെയുള്ളവ മാത്രമേ ജില്ലാ ഭരണകൂടത്തിന് നേരിട്ട് സ്വീകരിക്കാനാവൂ.  പല സ്വകാര്യവ്യക്തികളും  ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവരുടെ പേരില്‍ വരുത്തുന്ന സാധനങ്ങള്‍  റെയില്‍വേ പ്ലാറ്റ്‌ഫോമുകള്‍ക്കു വശത്തായി നീക്കിവെക്കാറുണ്ട്.  ഇത് നേരിട്ട് ഏറ്റെടുക്കാനാവില്ല.  ഇത്തരം പാഴ്‌സലുകള്‍ ജില്ലാ ഭരണകൂടം ഏറ്റെടുക്കാതെ കിടക്കുന്ന ദുരിതാശ്വാസ സാധനങ്ങള്‍ എന്ന പേരില്‍ വാര്‍ത്ത വരുന്നതിനു കാരണമിതാണെന്നും കളക്ടര്‍ വ്യക്തമാക്കി.  
തലശ്ശേരി സബ് കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, ഡെപ്യൂട്ടി കളക്ടര്‍ പി.ഡി.ഷീലാദേവി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

date