Skip to main content

പ്രളയനഷ്ടങ്ങള്‍ : കണക്കെടുപ്പിന് മൊബൈല്‍ ആപ്പ്

 

ജില്ലയിലെ പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ആരംഭിച്ചു. ഡിജിറ്റല്‍ വിവരശേഖരണത്തിനായി സര്‍ക്കാര്‍ പുറത്തിറക്കിയ റീബില്‍ഡ് കേരള എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ മാസം ഏഴിന് ജില്ലിയില്‍ ആരംഭിച്ച വിവരശേഖരണത്തിലൂടെ 1722 സര്‍വേകള്‍ ഇതുവരെ പൂര്‍ത്തിയാക്കി. ഇതില്‍ 372 എണ്ണം പരിശോധിച്ചതില്‍ നിന്നും 87 എണ്ണത്തിന് അംഗീകാരം നല്‍കി. അതേസമയം  അപാകതകള്‍ മൂലം 60 എണ്ണം തള്ളികളയുകയും ചെയ്തു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഡിജിറ്റലായി ഫോട്ടോ അടക്കം എടുത്ത് മൊബൈല്‍ ആപ്പില്‍ അപ്ലോഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള വിവരശേഖരണം നടത്തുന്നത്. ഇതിനായി ജില്ലയില്‍ 68 സന്നദ്ധപ്രവര്‍ത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്ക് മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കൂ. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി കേടുപാടുണ്ടായവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടാണ് ആപ്ലിക്കേഷനില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക. കൂടാതെ ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ജിയോ ടാഗിംഗിലൂടെ സ്ഥലത്തിന്റെ ലൊക്കേഷനും ഫോട്ടോയും അപ്‌ലോഡ് ചെയ്യുന്നുമുണ്ട്. ഭാഗികമായി തകര്‍ന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവര്‍, 16 മുതല്‍ 30 ശതമാനം, 31 മുതല്‍ 50 ശതമാനം, 51 മുതല്‍ 75 ശതമാനം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. 75 ശതമാനത്തില്‍ കൂടുതലുള്ള നഷ്ടത്തെ പൂര്‍ണനഷ്ടമായി കണക്കാക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വചുമതല നല്‍കിയിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ 121 ലെയ്‌ലണ്‍ ഓഫീസര്‍മാരെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. നാശനഷ്ടം സംഭവിച്ചിട്ടുള്ളവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് ഈ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ്. കടപ്ര, തോട്ടപ്പുഴശേരി, പെരിങ്ങര, കോഴഞ്ചേരി, റാന്നി എന്നവിടങ്ങളില്‍ വിവരശേഖരണം പുരോഗമിക്കുകയാണ്. ഐടി മിഷനാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും ആപ്പിലൂടെ കഴിയും. ഗൂഗില്‍ പ്ലേ സ്റ്റോറില്‍ റീബില്‍ഡ് കേരള ഐ.ടി മിഷന്‍ എന്ന് തിരഞ്ഞാല്‍ ആപ്പ് ലഭ്യമാകും. 

        (പിഎന്‍പി 2803/18)

date