Skip to main content

പ്രളയക്കെടുതി നാശനഷ്‌ടം വിലയിരുത്തല്‍:  ലോകബാങ്ക്‌ സംഘം  ജില്ലയിലെത്തും

ജില്ലയിലെ പ്രളയക്കെടുതിയുടെ നാശനഷ്‌ടങ്ങള്‍ വിലയിരുത്താനും സഹായം അനുവദിക്കുന്നതിനുമായി ലോകബാങ്കിന്റെ പ്രത്യേക സംഘം വ്യാഴാഴ്‌ച (സെപ്‌തംബര്‍ 13) ജില്ലയിലെത്തി വിവിധ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന്‌ ജില്ലാകളക്‌ടര്‍ ടി.വി. അനുപമ അറിയിച്ചു. കളക്‌ടറുടെ ചേംബറില്‍ ചേര്‍ന്ന വകുപ്പുതല അവലോകന യോഗത്തിലാണ്‌ കളക്‌ടര്‍ ഇക്കാര്യം അറിയിച്ചത്‌. രാവിലെ 8.30 ന്‌ ചാലക്കുടിയില്‍ ലോകബാങ്ക്‌ സംഘം നാശനഷ്‌ടങ്ങളെ കുറിച്ച്‌ അവലോകനം നടത്തും. തുടര്‍ന്ന്‌ ജില്ലയില്‍ പ്രളയം ഏറെ ബാധിച്ച വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതിയും ജില്ലാകളക്‌ടര്‍ വിലയിരുത്തി. പഞ്ചായത്ത്‌, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ വിശദാംശങ്ങള്‍, പൊതുനാശനഷ്‌ടങ്ങള്‍, സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍, ശുചീകരണം, ടോയ്‌ലറ്റ്‌ സംവിധാനങ്ങളുടെ നിലവിലെ അവസ്ഥ, തകര്‍ന്ന റോഡുകളുടെ നിജസ്ഥിതി, പ്രളയബാധിത മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ, സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവയുടെ പ്രവര്‍ത്തനം മുതലായവയും ജില്ലാകളക്‌ടര്‍ ആരാഞ്ഞു. സബ്‌ കളക്‌ടര്‍ ഡോ. രേണുരാജ്‌, അസിസ്റ്റന്റ്‌ കളക്‌ടര്‍ പ്രേം കൃഷ്‌ണന്‍, ഇരിങ്ങാലക്കുട ആര്‍.ഡി.ഒ സി. റെജില്‍, ഡെപ്യൂട്ടി കളക്‌ടര്‍ എം.ബി. ഗിരീഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

date