Skip to main content

ദുരിതാശ്വാസ ധനസമാഹരണം;  ആനാട് ഗവണ്മെന്റ് എല്‍.പി. സ്‌കൂള്‍

 

കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള യജ്ഞ ത്തില്‍ പങ്കാളികളായി ആനാട് ഗവണ്മെന്റ് എല്‍.പി.സ്‌കൂള്‍. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ കുട്ടികള്‍ മുഖേനയുള്ള ധനസമാഹാരത്തിനായി ഓരോ ക്ലാസ് ടീച്ചറും അതത് ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ തന്നെ സ്‌കൂള്‍ റേഡിയോയിലൂടെ മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ കുട്ടികളിലുമെത്തിച്ചു. തുടര്‍ന്ന് ക്ലാസ് ടീച്ചര്‍മാര്‍ അവരവരുടെ ക്ലാസുകളിലെ കൊണ്ടുവന്ന ധനസഹായം സമാഹരിച്ചു. 

    സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുചടങ്ങില്‍ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അക്ബര്‍ഷാന്‍, വാര്‍ഡ് മെമ്പര്‍ സിന്ധു, മുന്‍ ഹെഡ്മാസ്റ്ററും ദേശീയ അധ്യാപക പുരസ്‌കാരജേതാവുമായ വിജയന്‍ നായര്‍ എന്നിവര്‍ വിശിഷ്ടാഥിതികളായി. പി.ടി.എ പ്രസിഡന്റ് ആര്‍.പ്രേംരാജ്  അധ്യക്ഷതവഹിച്ച ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗിരികുമാര്‍ സ്വാഗതമാശംസിച്ചു. മുഴുവന്‍ ക്ലാസ്സുകളില്‍ നിന്നുമായി സമാഹരിച്ച തുക ഗ്രാമപഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും പി.ടി.എ പ്രസിഡന്റ് ഏറ്റുവാങ്ങി. 

   പ്രീ പ്രൈമറി വിഭാഗത്തിലെ ഏഴ് ഡിവിഷനുകളില്‍ നിന്നായി 10690 രൂപയും ഒന്ന് മുതല്‍ നാല് വരെയുള്ള 18 ഡിവിഷനുകളില്‍ നിന്നായി 17720 രൂപയുമുള്‍പ്പെടെ 28410 രൂപയാണ് കുട്ടികളില്‍ നിന്നും ധനസമാഹരണത്തിന്റെ ആദ്യ ദിനം സമാഹരിച്ചത്. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വര്‍ഷവും കുട്ടികള്‍ക്ക് ജീവനക്കാരുടെ വകയായി നല്‍കിവന്നിരുന്ന ഓണസദ്യ ഒഴിവാക്കി അതിലേക്കു ഓരോരുത്തരും നല്കാന്‍ ഉദ്ദേശിച്ചിരുന്ന തുക സമാഹരിച്ച് ജീവനക്കാരുടെ വകയായി 26500 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചിട്ടുണ്ട്. ഇങ്ങനെ കുട്ടികള്‍ മുഖേനയും ജീവനക്കാര്‍ മുഖേനയും സമാഹരിച്ച 54910 രൂപയും വിശേഷാവസരങ്ങളില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സ്‌പോണ്‍സര്‍ഷിപ് എന്ന പരിപാടിയുടെ ഭാഗമായി തന്റെ ജന്മനാളിനു സ്‌കൂള്‍ കുട്ടികള്‍ക്ക് പായസം നല്‍കാമെന്ന അമ്മയുടെ നിര്‍ദേശത്തെ പ്രളയദുരിതം നേരിടുന്ന കൂട്ടുകാര്‍ക്കായി പഠനോപകാരങ്ങളും നാടിന് സഹായമെത്തിച്ച ഒന്നാം ക്ലാസ്സുകാരി ആരാധനാ എം. ലാലിനെ അഭിനന്ദിച്ചേ മതിയാകൂ. 

        പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഈ സ്‌കൂളിലെ 806 കുട്ടികളും  രക്ഷിതാക്കളും പൂര്‍ണമനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി രണ്ടായിരത്തോളം നോട്ടുബുക്കും 1600 പെന്‍സിലും 1150 പേനയും എണ്ണമറ്റ മറ്റ് പഠനോപകരണങ്ങളും നല്‍കാന്‍ സാധിച്ചു.  ഇനിയും സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നതിന് തെളിവാണ് അരലക്ഷം കവിഞ്ഞ ആദ്യ ദിന ധനസമാഹരണമെന്നും അതിനു സഹായിച്ചവരോട് നന്ദിയുണ്ടെന്നും  സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗിരികുമാര്‍ കെ.പി അറിയിച്ചു.
(പി.ആര്‍.പി. 2294/2018)

date