Skip to main content

പ്രളയം : ഡ്യൂപ്ലിക്കേറ്റ്‌ റേഷന്‍ കാര്‍ഡ്‌  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നു

പ്രളയക്കെടുതിയില്‍ റേഷന്‍ കാര്‍ഡ്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ ഡ്യൂപ്ലിക്കേറ്റ്‌ റേഷന്‍ കാര്‍ഡിന്‌ അപേക്ഷിക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നു. റേഷന്‍ കാര്‍ഡ്‌ പൂര്‍ണ്ണമായും നഷ്‌ടമായവര്‍ക്ക്‌ ഡ്യൂപ്ലിക്കേറ്റ്‌ കാര്‍ഡിനുളള അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം നല്‍കിയാല്‍ മതിയാകും. റേഷന്‍ കാര്‍ഡിന്‌ കേടുപാടുകള്‍ പറ്റിയവര്‍ അപേക്ഷയോടൊപ്പം കേടുപറ്റിയ റേഷന്‍ കാര്‍ഡ്‌ തിരിച്ചേല്‍പ്പിക്കണം. അപേക്ഷയോടൊപ്പം 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്‌മൂലം നല്‍കേണ്ടതില്ല. സത്യവാങ്‌മൂലത്തില്‍ മനപൂര്‍വ്വം വ്യാജമോ തെറ്റായതോ ആയ വിവരങ്ങള്‍ നല്‍കുകയോ വസ്‌തുകകള്‍ മറച്ച്‌ വെയ്‌ക്കുകയോ ചെയ്‌താല്‍ കാര്‍ഡുടമയാവും അതിനുത്തരവാദി. അപേക്ഷകള്‍ പരിശോധിച്ച്‌ ഡാറ്റ ലഭ്യമാക്കി ഡ്യൂപ്ലിക്കേറ്റ്‌ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുളള ക്രമീകരണങ്ങള്‍ സിവില്‍ സപ്ലൈസ്‌ ഡയറക്‌ടര്‍, സ്റ്റേറ്റ്‌ ഇന്‍ഫര്‍മാറ്റിക്‌സ്‌ ഓഫീസര്‍ - എന്‍ ഐ സി, ഡി-ഡിറ്റ്‌ ഡയറക്‌ടര്‍ എന്നിവര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം. ജില്ലാ സപ്ലൈ ഓഫീസ്‌, താലൂക്ക്‌ സപ്ലൈ ഓഫീസ്‌ എന്നിവിടങ്ങളില്‍ നടത്തേണ്ട ക്രമീകരണങ്ങള്‍ ഉദ്യോഗസ്ഥരുടെ വിന്യാസം എന്നിവയില്‍ സിവില്‍ സപ്ലൈസ്‌ ഡയറക്‌ടര്‍ അടിയന്തിര നടപടി സ്വീകരിക്കണം. ഇങ്ങനെ വിതരണം ചെയ്യുന്ന ഡ്യൂപ്ലിക്കേറ്റ്‌ റേഷന്‍ കാര്‍ഡുകള്‍ സാധാരണ കാര്‍ഡുകള്‍ പോലെ ആധികാരിക രേഖയായും മറ്റാവശ്യങ്ങള്‍ക്കുളള റഫറല്‍ രേഖയായി ഉപയോഗിക്കാവുന്നതും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും ആധികാരിക രേഖയായി പരിഗണിക്കേണ്ടതുമാണ്‌.
 

date