Skip to main content
അടിമാലി കൂമ്പന്‍പാറയില്‍ ഉരുള്‍പൊട്ടി വീട് തകര്‍ന്ന സ്ഥലം ലോകബാങ്ക് സംഘം കാണുന്നു

 ലോകബാങ്ക് സംഘം ജില്ലയിലെ ദുരന്ത ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി  

 

 

                മഴക്കെടുതിയിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും വ്യാപകമായ നാശ നഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങളില്‍ ലോകബാങ്ക് സംഘം സന്ദര്‍ശനം നടത്തി. ഇന്നലെ ( ബുധനാഴ്ച) രാവിലെ  കൊച്ചിയില്‍ നിന്നും എത്തിയ 11 അംഗങ്ങള്‍ അടങ്ങിയ സംഘം നേര്യമംഗലം പാലം മുതല്‍ വിവിധ പ്രദേശങ്ങളിലുണ്ടായ നാശ നഷ്ടങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തി. ലോക ബാങ്ക് ഹൗസിംഗ് ആന്റ് പബ്ലിക് ബില്‍ഡിംഗ്‌സ് ലീഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെപഷ്യലിസ്റ്റ് ദീപക് സിംഗിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘത്തിന്റെ കോ  ഓര്‍ഡിനേറ്ററും അര്‍ബര്‍ ആന്റ് വാട്ടര്‍ കണ്‍സള്‍ട്ടന്റും മലയാളിയുമായ അനില്‍ദാസിനു പുറമെ വിദ്യാ മഹേഷ്, കാര്‍ത്തിക് ലക്ഷ്മണ്‍, മെഹുല്‍ ജെയ്ന്‍, ന ഹോ ഷിബുയ, ഇന്ദ്രനില്‍ ബോസ്, അങ്കുഷ് ശര്‍മ, റുമി താ ചൗധരി, മസാത് സുഗു തകാമത് സു, മാത്യൂസ് കെ മുല്ലക്കല്‍ എന്നിവരാണ് സംഘത്തിലുള്ളത്. ആര്‍ ഡി ഒ എം പി വിനോദിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംഘത്തെ അനുഗമിച്ചു.   വാളറ, കൊരങ്ങട്ടി, കൂമ്പന്‍പാറ, ആനവിരട്ടി, ഇരുട്ടു കാനം, പഴയ മൂന്നാര്‍, മൂന്നാര്‍ ഗവ.കോളെജ് പരിസരം എന്നിവിടങ്ങളിലെ നാശനഷ്ടങ്ങള്‍ ലോകബാങ്ക് സംഘം പരിശോധിച്ചു. കൃഷി, മൃഗസംരക്ഷണം, ജീവനോപാധികള്‍, വിനോദസഞ്ചാരം, വ്യവസായം, അടിസ്ഥാന സൗകര്യം, ഭവനം, ദേശീയപാതകള്‍, സ്റ്റേറ്റ് ഹൈവേ, നഗര വികസനം, ജലവിഭവം, ദുരന്തലഘൂകരണം, കാലാവസ്ഥ വ്യതിയാനം, സാമൂഹിക വികസനം തുടങ്ങിയ വിവിധ മേഖലകളിലെ  വിദഗ്ധര്‍ അടങ്ങിയ സംഘത്തിന് ജില്ലാ ഭരണകൂടം നടത്തിയ  പ്രവര്‍ത്തനങ്ങളും മുന്‍ കരുതല്‍ നടപടികള്‍ സംബന്ധിച്ചും സ്വീകരിച്ച നടപടികളും മൂന്നാര്‍ ടീ കൗണ്ടി ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗത്തില്‍ പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ ജില്ലാ കലക്ടര്‍ ജീവന്‍ ബാബു.കെ.  വിശദീകരിച്ചു. തുടര്‍ന്ന് സംഘം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി പ്രത്യേകം ചര്‍ച്ചകളും നടത്തി.  വ്യാഴാഴ്ച ലോകബാങ്ക് സംഘം പന്നിയാര്‍കുട്ടി, പൊന്‍മുടി, കീരിത്തോട്, ചെറുതോണി, തൊടുപുഴ,പുളിയന്‍മല റോഡ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും

date