Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കി പൊതുജനങ്ങള്‍

ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കി കൂടുതല്‍ പേര്‍. മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ നടത്തിയ ധനസമാഹരണ യജ്ഞത്തില്‍ നിരവധി പേരാണ് സഹായവുമായി എത്തിയത്. ഏറനാട് താലൂക്ക് ഓഫീസിലാണ് ധനസമാഹരണത്തിന് തുടക്കം കുറിച്ചത്. 30 പേരില്‍ നിന്നായി 8,46,220 രൂപയാണ് ഏറനാട് താലൂക്കില്‍ ലഭിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളാണ് ആദ്യം തുക നല്‍കിയത്. പെന്‍ഷന്‍ തുകയില്‍ നിന്ന്  സ്വരൂപിച്ച 75000 രൂപയാണ് അവര്‍ നല്‍കിയത്. പെന്‍ഷന്‍ തുക, ശമ്പളം, കച്ചവടത്തില്‍ നിന്നുള്ള ലാഭവിഹിതം, മഹല്ല് കമ്മിറ്റികള്‍ പിരിച്ചെടുത്ത തുക, സ്‌കോളര്‍ഷിപ്പ് തുക എന്നിവയെല്ലാം ജനങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
ദുരിതാശ്വാസ നിധിയില്‍ ലഭിക്കുന്ന തുക അര്‍ഹരായവര്‍ക്ക് മാത്രമേ നല്‍കൂ എന്ന് മന്തി കെ.ടി ജലീല്‍ പറഞ്ഞു. അനര്‍ഹര്‍ ആനുകൂല്യം നേടിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതിന് കൂട്ട് നില്‍ക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ദുരിതബാധിതരെ സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.  താലൂക്ക് ഓഫീസില്‍ നടത്തിയ ധനസമാഹരണ യജ്ഞത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, മഞ്ചേരി നഗരസഭാ ചെയര്‍പെഴ്സന്‍ വിഎം സുബൈദ, മലപ്പുറം നഗരസഭാ ചെയര്‍പേഴ്സന്‍ സിഎച്ച് ജമീല, തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എന്‍എം കോയ, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍കെ ഷൗക്കത്തലി, നഗരസഭാ കൗണ്‍സിലര്‍മാരായ കൃഷ്ണദാസ് രാജ, ഉണ്ണികൃഷ്ണന്‍,  ഡെപ്യൂട്ടികലക്ടര്‍ രഘുരാജ്, തഹസില്‍ദാര്‍ പി സുരേഷ് എന്നിവര്‍ പങ്കെടുത്തു.

 

date