Skip to main content

പുതിയ കേരളം കെട്ടിപ്പടുക്കാന്‍ കുഞ്ഞുകൈകളുടെ കാരുണ്യം

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് കരുണയുടെ പ്രവാഹം. സമ്പാദ്യക്കുടുക്ക പൊട്ടിച്ചും രക്ഷിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കിട്ടിയ പോക്കറ്റ് മണി കൂട്ടിവെച്ചും കുട്ടികള്‍ പ്രളയ ദുരിതബാധിതരോടുള്ള സഹാനുഭൂതി പങ്കിട്ടു.  
 രാവിലെ സ്‌കൂളുകളില്‍ അസംബ്ലി വിളിച്ചുചേര്‍ത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യേണ്ടതിന്റെ ആവശ്യകത പ്രധാനാധ്യാപകര്‍ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ കത്തും അസംബ്ലിയില്‍ വായിച്ചുകേള്‍പ്പിച്ചു. പ്രൈമറി, അപ്പര്‍പ്രൈമറി വിഭാഗങ്ങളിലായി 1200 വിദ്യാലയങ്ങളും ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 406 സ്‌കൂളുകളും അണ്‍ എയ്ഡഡ് മേഖലയില്‍ 250 ഓളം    സ്‌കൂളുകളുമാണ് ജില്ലയിലുള്ളത്. കൂടാതെ സിബിഎസ് സി ഐസിഎസ് സി വിദ്യാലയങ്ങളുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തങ്ങളാല്‍ കഴിയുന്ന സംഭാവന നല്‍കി നവകേരളസൃഷ്ടിയില്‍ അവരുടെ  പങ്കാലിത്തം ഉറപ്പിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍.  
ഇന്നലെ പണം നല്‍കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഇന്നുകൂടി അവസരമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. 15-ാം തീയതി മാത്രമേ  കുട്ടികളില്‍ നിന്ന് കിട്ടിയ തുകയുടെ പൂര്‍ണമായ കണക്ക് നല്‍കാന്‍ കഴിയൂ എന്നും അധികൃതര്‍ പറഞ്ഞു. വിദ്യാഭ്യാസവകുപ്പിന്റെ സമ്പൂര്‍ണ സോഫ്റ്റ് വെയറിലാണ് ഓരോ സ്‌കൂളും സംഭാവനയുടെ വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നത്.

 

date