Skip to main content

സര്‍ക്കാര്‍ പൊതുപരിപാടികള്‍ പ്രകൃതി സൗഹൃദമാക്കാന്‍ കര്‍ശന നിര്‍ദേശം

    സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ച് പൊതു ഭരണ വകുപ്പ് ഉത്തരവ്. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുത്ത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍, യോഗങ്ങള്‍ എന്നിവയില്‍ പൂര്‍ണമായും ഹരിത പെരുമാറ്ററ്റച്ചട്ടം പാലിക്കണമെന്നാണ് ഉത്തരവ്. ഇത്തരം പരിപാടികളില്‍ ഫ്‌ളക്‌സ്, പ്ലാസ്റ്റിക്, കുപ്പിവെള്ളം, ഡിസ്‌പോസിബിള്‍-പ്ലാസ്റ്റിക് വസ്തുക്കളിലുള്ള ആഹാര-പാനീയ വിതരണം, പ്ലാസ്റ്റിക്കിലും തെര്‍മോകോളിലുമുള്ള അലങ്കാരങ്ങള്‍ തുടങ്ങിയവ കര്‍ശനമായി വിലക്കിയിട്ടുണ്ട്. മാലിന്യത്തിന്റെ തോത് കുറക്കുന്നതിനും ജനങ്ങളില്‍ ശുചിത്വ സംസ്‌ക്കാരം രൂപപ്പെടുത്തുന്നതിനും ഈ നടപടി സഹായകരമാകുമെന്ന് ചൂണ്ടിക്കാട്ടി ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പൊതു ഭരണ വകുപ്പിന്റെ ഉത്തരവ്.
    ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, വികാസ് ഭവന്‍, പബ്ലിക് ഓഫീസ്, സ്വരാജ് ഭവന്‍, വകുപ്പുകളുടെ ഡയറക്ടറേറ്റ്, കമ്മീഷണറേറ്റുകള്‍, ജില്ലാ കലക്ടറേറ്റുകള്‍ തുടങ്ങിയ ഓഫീസുകളുടെ ദൈനം ദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായും അല്ലാതെയുമുള്ള ചടങ്ങുകളില്‍ ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി നേരത്തെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

date