Skip to main content

കൃഷിക്കാരുടെ മനസ്സറിഞ്ഞ്‌  കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥര്‍

പ്രളയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്‌ ചാലക്കുടിയിലും സമീപപ്രദേശങ്ങളിലുമാണ്‌. ചാലക്കുടി പുഴ പരിധിവിട്ടൊഴുക്കിയ പ്രളയജലത്തില്‍ അതുവരെ സമ്പാദിച്ചതും സ്വരൂപിച്ചതും ഒഴുകിയും നശിച്ചും പോകുന്നത്‌ നോക്കി നില്‍ക്കേണ്ടി വന്നവര്‍, കൃഷിയും കൃഷിപ്പണിയും മുഖ്യ ജീവനോപാധിയായ ഇവര്‍ക്ക്‌ നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചു നല്‍കാനുളള ശ്രമത്തിലാണ്‌ സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി റവന്യൂ ഉള്‍പ്പെടെയുളള എല്ലാ വകുപ്പുകളും രാപ്പകലില്ലാതെ പരിശ്രമത്തിലാണ്‌. ഈ സാഹചര്യത്തിലാണ്‌ കൃഷികാര്‍ക്ക്‌ തുണയായി കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥരും രംഗത്ത്‌ വരുന്നത്‌. കാര്‍ഷിക വിളകളുടെ നഷ്‌ടകണക്കെടുക്കലും വിളകള്‍ക്കുളള നഷ്‌ടപരിഹാരം നിര്‍ണ്ണയിക്കലും കൃഷി പ്രോത്സാഹിപ്പിക്കലും പോലുളള പതിവ്‌ ജോലികള്‍ക്കപ്പുറം. പ്രളയം താറുമാറാക്കിയ കൃഷിയിടങ്ങള്‍ വ്യത്തിയാക്കാന്‍ അവ കൃഷി യോഗ്യമാക്കാന്‍ കര്‍ഷകര്‍ക്കൊപ്പം മണ്ണിലേക്കിറങ്ങുകയാണ്‌ കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥര്‍. കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ചാണ്‌ ജില്ലയിലെ എണ്ണൂറിലധികം വരുന്ന കൃഷി വകുപ്പു ഉദ്യോഗസ്ഥര്‍ മമ്മട്ടിയും കുട്ടയും മറ്റുമായി മണ്ണിലേക്കിറങ്ങിയത്‌. പ്രളയം കൃഷിയിടങ്ങളില്‍ ബാക്കിയായ ചളി നീക്കി ചാലക്കുടി മേഖലയിലെ കൃഷിയിടങ്ങള്‍ കൃഷിയോഗ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ്‌ ഇവര്‍. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എല്‍ ജയശ്രീ, കൃഷി വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍മാര്‍, അസിസ്റ്റന്റ്‌ ഡയറക്‌ടര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, ഫാമുകളിലെ ജീവനക്കാര്‍ തുടങ്ങി എല്ലാവരും ചേര്‍ന്നാണ്‌ ഈ ഇടപെടല്‍. ചളി മാറ്റി, മണ്ണുപരിശോധിച്ച്‌ മണ്ണിന്റെ രാസപരിണാമങ്ങള്‍ ഇതോടൊപ്പം പങ്കുവയ്‌ക്കുന്നുണ്ട്‌ ഉദ്യോഗസ്ഥര്‍. ആദ്യ ദിവസം നാനൂറിലേറെ ഉദ്യോഗസ്ഥരാണ്‌ ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ ഈ ജോലികളില്‍ ഏര്‍പ്പെട്ടത്‌. 50 ഹെക്‌ടറോളം ചളി നീക്കി ജാതിയ്‌ക്കും മറ്റു വൃക്ഷങ്ങള്‍ക്കും വായുസഞ്ചാരയോഗ്യമാക്കി. കോട്ടാറ്റ്‌ ഭാഗത്ത്‌ ചളിനീക്കുന്നതോടൊപ്പം സഞ്ചരിക്കുന്ന മണ്ണുപരിശോധന ലാബിന്റെ സഹായത്തോടെ മണ്ണു പരിശോധിച്ച്‌ കൃഷിക്കാര്‍ക്ക്‌ ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി. നാളെയും 400 പേര്‍ ചാലക്കുടിയുടെ മറ്റു ഭാഗങ്ങളിലും ഇത്തരം ജോലികളിലേര്‍പ്പെടും. കൃഷി വകുപ്പ്‌ ഓഫീസുകളിലെ ജോലിയ്‌ക്ക്‌ തടസ്സം വരാതെയാണ്‌ ഇവരുടെ പ്രവര്‍ത്തനം. കര്‍ഷകരും കൃഷി വകുപ്പും ഒന്നാണെന്ന സന്ദേശം നല്‍കുന്ന ഈ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക്‌ കൂടുതല്‍ പ്രചോദനം നല്‍കുന്നതോടൊപ്പം കര്‍ഷകരോടൊപ്പം വകുപ്പുണ്ടെന്ന ഉറച്ചവിശ്വാസവും നല്‍കുന്നുണ്ട്‌.

date