Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിന് മികച്ച സ്വീകാര്യത: മന്ത്രി എ.കെ ബാലന്‍

 

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും പ്രളയാനന്തരം കേരളം അതിജീവിക്കുമെന്ന് തന്നെയാണ് ഈ പിന്തുണയിലൂടെ വ്യക്തമാകുന്നതെന്നും പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക-പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിന്‍റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തില്‍ പാലക്കാട് താലൂക്ക് ഓഫീസില്‍ നടന്ന ധനസമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
    പ്രളയസമയത്ത് ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടന്നതിനാല്‍ ദുരന്തങ്ങളില്‍ നിന്നും ഒഴിവാകാന്‍ സാധിച്ചെന്ന് മന്ത്രി പറഞ്ഞു. നെല്ലിയാമ്പതി, അട്ടപ്പാടി പോലുള്ള പ്രദേശങ്ങളില്‍ കൃത്യമായ ഇടപെടലിലൂടെയാണ് വന്‍ദുരന്തം ഇല്ലാതായത്. പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണമാണ് സംസ്ഥാനമൊട്ടാകെ നടക്കുന്നത്. അതിജീവനത്തിന്‍റെ ഭാഗമായി എല്ലാം നഷ്ടമായ നിരവധി ജീവിതങ്ങളാണ് ഇപ്പോള്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. അവര്‍ താമസിച്ചുപോന്നിരുന്ന ഭൂമി ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. ഈ ജീവിതങ്ങളെ തിരികെ പിടിക്കാനും കേരളത്തിന് നഷ്ടമായതെല്ലാം നേടിയെടുക്കാനും ഓരോ മലയാളികളുടെയും മലയാളികളെ സ്നേഹിക്കുന്നവരുടെയും സഹായം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ചുള്ള ധനസമാഹരണം സെപ്റ്റംബര്‍ 11-നാണ്  ആരംഭിച്ചത്. ഇന്നും (സെപ്റ്റംബര്‍ 14-ന്)ജില്ലാ  കലക്ടറേറ്റില്‍ ധനസമാഹരണം നടക്കും. 15ന് പഞ്ചായത്ത്, നഗരസഭകള്‍ വഴിയും ധനശേഖരണം നടത്തുന്നുണ്ട്. ജനങ്ങള്‍ നല്‍കുന്ന ഓരോ പൈസയും നവകേരള സൃഷ്ടിയുടെ പങ്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
    കെ. വി വിജയദാസ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ആര്‍.ഡി.ഒ പി.കാവേരിക്കുട്ടി, പാലക്കാട് തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വി.എസ് അച്യുതാനന്ദന്‍റെ പേഴ്സനല്‍ അസിസ്റ്റന്‍റ് എന്‍. അനില്‍കുമാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date