Skip to main content

10 സെന്‍റില്‍ അഞ്ച് സെന്‍റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ശ്രീധരന്‍ 

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ശ്രീധരന്‍ നമ്പൂതിരിപ്പാടും ഭാര്യ മിനി എസ് നമ്പൂതിരിപ്പാടും ചേര്‍ന്ന് തങ്ങള്‍ക്ക് ആകെയുള്ള 10 സെന്‍റ് സ്ഥലത്തില്‍ നിന്നും അഞ്ച് സെന്‍റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മകന് വീട് വെക്കാനായുള്ള സ്ഥലമാണ് ഇവര്‍ ദുരിതബാധിതര്‍ക്കായി കൈമാറിയത്.
നിരവധി പേര്‍ക്ക് വീടും മറ്റു സമ്പാദ്യങ്ങളും നഷ്ടമായ അവസ്ഥയില്‍ ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് സഹായിക്കുന്നതെന്ന് ചിറ്റൂര്‍ തെക്കേ ഗ്രാമം മാടമനയില്‍ ശ്രീധരന്‍ നമ്പൂതിരിപ്പാട് ചോദിക്കുന്നു. ഒരോരുത്തരും തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യണം. ഇതില്‍ കൂടുതല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതായും ഇപ്പോള്‍ ഇത്രയെ കഴിയുന്നുള്ളൂവെന്നും ശ്രീധരന്‍റെ ഭാര്യ മിനി പറഞ്ഞു.ലക്ഷങ്ങളുടെ സമ്പാദ്യമുള്ളവരും സാധാരണക്കാരും പ്രളയം വന്നപ്പോള്‍ ഒരുപോലെ ക്യാമ്പിലായിരുന്നു. മനുഷ്യര്‍ പലതരത്തിലുള്ളവരാണ് അതിനാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് പറയുന്നവരുടെ വാക്കുകള്‍ക്ക് വില നല്‍കാതെ  കേരളത്തെ തിരിച്ചുപിടിക്കുകയാണ് വേണ്ടതെന്നും വണ്ടിതാവളം സ്കൂളിലെ അധ്യാപകന്‍ കൂടിയായ ശ്രീധരന്‍ പറഞ്ഞു. 
    ശ്രീധരന്‍റെ മൂത്ത മകന്‍ അമര്‍നാഥ് ആലുവയില്‍ വേദം പഠിക്കുകയാണ്. മകന്‍ പഠിക്കുന്ന സ്ഥലം പ്രളയക്കെടുതിയില്‍ വെള്ളം കയറിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞാണ് മകന്‍ വീട്ടിലെത്തിയത്. അപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. രണ്ടാമത്തെ മകന്‍ കേന്ദാര്‍ നാഥ് ടിടിസിക്കും മകള്‍ അനിഖ പ്ലസ് വണിനും പഠിക്കുന്നു.

date