Skip to main content

വിധവയ്ക്ക് ഭൂമി ദാനമായി നല്‍കി വയോധികന്‍

 

പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട വിധവയും വികലാംഗയും നിരാലംബയുമായ വീട്ടമ്മയ്ക്ക് ഭൂമിയുടെ ഒരു ഭാഗം ദാനം ചെയ്ത് വയോധികന്‍. കോഴഞ്ചേരി നാരങ്ങാനം പഞ്ചായത്തിലെ എഴുപത്തിയഞ്ചുകാരനായ കുരീക്കാട്ടില്‍ കെ.എ സാമുവല്‍ ആണ് ഭൂദാനത്തിലൂടെ സമൂഹത്തിന് വേറിട്ട മാതൃകയാവുന്നത്. സ്വന്തമായുള്ള 35 സെന്റ് സ്ഥലത്തില്‍ നിന്നും അഞ്ച് സെന്റാണ് ആര്‍മിയിലെ ഉദ്യോഗസ്ഥനായിരുന്ന സാമുവല്‍, റാന്നി സ്വദേശിനിയായ കുരീക്കാട്ടില്‍ ചെരുവില്‍ ശാന്തമ്മ ശിവന്‍കുട്ടിയ്ക്ക് ദാനമായി നല്‍കുന്നത്. ഇത് സംബന്ധിച്ച രേഖമൂലമുള്ള സമ്മതപത്രം ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളുള്ള ശാന്തമ്മയ്ക്ക് സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ല. വാടകവീടുകളില്‍ അഭയം തേടേണ്ടി വന്ന ഈ കുടുംബത്തിനാണ് സാമുവലിന്റെ കാരുണ്യത്തണലില്‍ കൂടാരമൊരുങ്ങുന്നത്. റാന്നിയിലെ വാടക വീട്ടിലാണ് ശാന്തമ്മയും കുടുംബവും താമിസിക്കുന്നത്. ഈ വീടിന് പ്രളയത്തില്‍ വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. ശാന്തമ്മയുടെ ദുരിതമറിഞ്ഞതോടെയാണ് സാമുവലും കുടുംബവും പൂര്‍ണമനസോടെ ഇവര്‍ക്ക് കിടപ്പാടമൊരുക്കാന്‍ മുന്നിട്ടിറങ്ങിയത്. ഭാര്യ മേരിക്കുട്ടിക്കും മക്കളായ സുഷ, ഷിജു, ജിജു എന്നിവരും സാമുവലിനെ കൂട്ടായ പിന്തുണയറിയച്ചതോടെ നിയമവഴിയിലൂടെ ഭൂമി ദാനമായി നല്‍കാന്‍ സാമുവല്‍ തീരുമാനിക്കുകയായിരുന്നു. തങ്ങളാലുവുന്ന ചെറിയ സഹായം കൊണ്ട് ഒരാള്‍ക്ക് കിടപ്പാടമുണ്ടാകുമെങ്കില്‍ അതില്‍ കവിഞ്ഞൊരു സന്തോഷം വേറെയില്ലെന്ന് ഇവര്‍ ഒരേമനസോടെ പറയുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സാമുവലും കുടുംബവും സജീവസാന്നിധ്യമായിരുന്നു.

                 (പിഎന്‍പി 2974/18)

date