Skip to main content

ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച്‌  സേവനം നല്‍കണം : ജില്ലാ കളക്‌ടര്‍

പ്രളയത്തെ നേരിടാന്‍ ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുപോലെ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു. പ്രളയവുമായി ബന്ധപ്പെട്ട നടന്ന വകുപ്പുതല അവലോകന യോഗത്തിലാണ്‌ ജില്ലാ കളക്‌ടര്‍ ഇക്കാര്യം പറഞ്ഞത്‌. പ്രളയകാലത്തെ പ്രവര്‍ത്തനം പോലെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന്‌ എപ്പോഴുമുണ്ടാകണം. അത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ എല്ലാവര്‍ക്കും സേവനം ലഭ്യമാക്കാനാവും. സേവനത്തെക്കുറിച്ചുളള ധാരണ തന്നെ മാറ്റാനാവും. വീടു തകര്‍ന്നിട്ടും എത്തി ജോലി ചെയ്‌തവരാണ്‌ ഉദ്യോഗസ്ഥരില്‍ പലരും. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്‌ കുറ്റമറ്റ രീതിയില്‍ ജില്ലയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടന്നത്‌. പ്രളയത്തില്‍ ദുരന്തം അനുഭവിച്ചവര്‍ക്ക്‌ പതിനായിരം രൂപ വീതം ഒരു ലക്ഷത്തിആറായിരം പേര്‍ക്ക്‌ ഇതിനകം നല്‍കാനായി. കാര്യക്ഷമമായി തന്നെയാണ്‌ ജില്ലയില്‍ ഇപ്പോഴും വിതരണം നടക്കുന്നത്‌. കൂടുതല്‍ ഫലപ്രദമാക്കാന്‍ തഹസില്‍ദാര്‍മാരുടെ യോഗം വിളിച്ചിട്ടുളളതായും ജില്ലാ കളക്‌ടര്‍ അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പരാതികളുണ്ടാകും. പരാതികള്‍ മറികടക്കാന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടതെന്നും ജില്ലാ കളക്‌ടര്‍ പറഞ്ഞു. എല്ലാവരേയും അനുമോദിക്കുകയും ചെയ്‌തു. എ ഡി എമ്മിന്റെ ചുമതലയുളള ഡെപ്യൂട്ടി കളക്‌ടര്‍ എം ബി ഗിരീഷ്‌, മറ്റ്‌ ഡെപ്യൂട്ടി കളക്‌ടര്‍മാര്‍, അസിസ്റ്റന്റ്‌ കളക്‌ടര്‍ പ്രേംകൃഷ്‌ണന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ സന്നിഹിതരായി.

date