Skip to main content

ബജറ്റ് പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കും-മന്ത്രി ജി.സുധാകരൻ

ആലപ്പുഴ: പ്രളയാനന്തരം കേരളത്തിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂടുതൽ പണം കണ്ടെത്തുന്നതിന് ബജറ്റ് പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചുവരുന്നതായി പൊതുമരാമത്ത് -രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മണ്ഡലങ്ങളിൽ നടക്കുന്ന ധനസമാഹരണ പരിപാടികളുടെ ആലപ്പുഴ ജില്ലയിലെ സമാപനം ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കെട്ടിടങ്ങളും മറ്റും നിർമ്മിച്ച് നൽകുന്നതിന് പദ്ധതി ഉള്ളവർക്ക്് സർക്കാർ അംഗീകാരത്തോടെ അത് ചെയ്യുന്നതിനുള്ള അവസരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിവധ വിഭാഗങ്ങൾക്ക് പലിശരഹിത വായ്പ നൽകുന്നുണ്ട്.ചെറുകിട വ്യാപാരികൾക്ക് 10 ലക്ഷം രൂപ പലിശ രഹിത വായ്പ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

 

ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ദുരന്തത്തെ മറികടക്കാനാണ് സർക്കാർ ശ്രമിച്ചു വരുന്നതെന്ന് മന്ത്രി പറഞ്ഞു. നദികളെ  നമ്മൾ ശ്രദ്ധിക്കാതെ വിട്ടു. നദികളുടെ സംരക്ഷണത്തിന് മുൻഗണന നൽകും. വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട് നൽകും. അറ്റകുറ്റപ്പണിക്കും സർക്കാർ സഹായം നൽകും. 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിലിപ്പോൾ കണക്കാക്കിയിട്ടുള്ളത്. ഇതിൽ 15,400 കോടി രൂപയ്ക്കുള്ള നാശനഷ്ടം റോഡുകൾക്കാണ് ഉണ്ടായത്. ചെങ്ങന്നൂരിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പ്രാഥമികമായി ഏഴുകോടി രൂപ അടിയന്തിരമായി അനുവദിച്ചിട്ടുണ്ട്. സർക്കാരിന് പണം കൊടുക്കരുതെന്നുപറയുന്നവർ ദുരന്തസമയത്ത് ഇവിടെ ഇല്ലാത്തവരായിരുന്നു. ഇത്തരക്കാർക്ക്  ചരിത്രം  മാപ്പ് നൽകില്ലെന്നും മന്ത്രി പറഞ്ഞു.നിരാകരണ പ്രമേയങ്ങളെ ജനം തള്ളിക്കളയും.ധനസമാഹരണത്തോടെ ജില്ല മുഴുവൻ സഹാനുഭൂതിയോടെയാണ് പ്രതികരിച്ചത്. കേരളത്തിന്റെ പുനർനിർമാണത്തിൽ ധാർമിക പിന്തുണ കൂടി സർക്കാർ പ്രതീക്ഷിക്കുന്നു. പുനർനിർമാണത്തിനായി ലോകബാങ്ക്, എ.ഡി.ബി.വായ്പ, നബാർഡ് വായ്പ എന്നിവ സ്വീകരിക്കും. ജനസംഖ്യാനുപാതികമായും മണ്ഡലാനുപാതികമായും ധനസമാഹരണത്തിൽ ജില്ല സംസ്ഥാനത്ത്  മുന്നിലാണെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. സംസ്ഥാന സർക്കാർ വളരെ ഫലപ്രദമായി സമയത്ത് ഇടപെട്ടതുകൊണ്ടാണ് വൻദുരന്തത്തിൽ നിന്ന് കുട്ടനാടിനെയും ചെങ്ങന്നൂരിനെയും രക്ഷിക്കാൻ കഴിഞ്ഞതെന്ന് ധനസമാഹരണ പരിപാടിയിൽ പങ്കെടുത്ത ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ഗവൺമെൻറ് ആവിഷ്‌കരിക്കുന്ന പുതിയ പദ്ധതികളോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പ്രളയ ദുരിതങ്ങൾക്കിടയിലും തങ്ങളുടെ വരുമാനത്തിൽ ഒരുഭാഗം നൽകാൻ തയ്യാറായ എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ചെങ്ങന്നൂർ മണ്ഡലത്തിലെ ധനസമാഹരണ പരിപാടി രാവിലെ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിലും തുടർന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് ഹാളിലുമായാണ് പൂർത്തിയായത്. ചടങ്ങിൽ സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടറുടെ അധിക ചുമതല വഹിക്കുന്ന ഗ്രാമവികസന കമ്മീഷണർ എൻ. പത്മകുമാറും  മറ്റ് ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

 

date