Skip to main content

റാന്നിയിലേത് തങ്കലിപികളില്‍ എഴുതപ്പെട്ട രക്ഷാപ്രവര്‍ത്തനം

 

മഹാപ്രളയത്തില്‍ റാന്നിയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം തങ്കലിപികളില്‍ എഴുതപ്പെടുമെന്ന് രാജുഎബ്രഹാം എംഎല്‍എ പറഞ്ഞു. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ 400ല്‍ അധികം വരുന്ന  രക്ഷാപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. ആഗസ്റ്റ് 14ന് അര്‍ദ്ധരാത്രിയോടെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം 16ന് വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. രണ്ട് ദിവസം കൊണ്ട് 35000ഓളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു. ഇത്രയും വലിയ പ്രളയത്തിലും റാന്നിയില്‍ ഒരു ജീവന്‍ പോലും പൊലിയാതെ കാത്തത് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ മൂലമാണ്. കോടികളുടെ നഷ്ടമാണ് റാന്നിയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉണ്ടായത്. ഇതില്‍ നിന്നും കരകയറുവാന്‍ ഏറെ സമയമെടുക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത് കോന്നിയില്‍ നിന്നുള്ള കുട്ടവഞ്ചിക്കാരായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ്, പോലീസ്, കോസ്റ്റ് ഗാര്‍ഡ്, എന്‍ഡിആര്‍എഫ് തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഇതിലുപരി ചങ്ങാടങ്ങളിലും മറ്റും പ്രദേശവാസികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കുന്നതിന് തുണയായി. 

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത തദ്ദേശവാസികളായ 313 പേര്‍ക്കും കുട്ടവഞ്ചി തുഴച്ചില്‍ക്കാരായ 25 പേര്‍ക്കും ഫയര്‍ഫോഴ്‌സിലെ 21 പേര്‍ക്കും പോലീസിലെ 30 പേര്‍ക്കുമാണ് ആദരവ് നല്‍കിയത്. ഇവര്‍ക്ക് വികെഎല്‍ ഗ്രൂപ്പും കണ്ണന്താനം ഗ്രൂപ്പുംചേര്‍ന്ന് സ്‌പോണ്‍സര്‍ ചെയ്ത അയണ്‍ബോക്‌സ് ഉപഹാരമായി നല്‍കി. ഇതേ ഗ്രൂപ്പുകള്‍ കിടക്കകള്‍ നഷ്ടപ്പെട്ടവര്‍ക്കായി 2000 മെത്തകള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. 3000 മെത്തകള്‍ കൂടി സ്‌പോണ്‍സര്‍ ചെയ്ത് 5000 പേര്‍ക്ക് റാന്നിയില്‍ മെത്തകള്‍ വിതരണം ചെയ്യും.  ആദരവ് ഏറ്റുവാങ്ങാന്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നവര്‍ക്ക് ഉപഹാരങ്ങള്‍ വീടുകളില്‍ എത്തിക്കുമെന്നും എംഎല്‍എ പറഞ്ഞു. 

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഉത്തമന്‍, വിവിധ തദ്ദേശഭരണ ഭാരവാഹികളായ പൊന്നി തോമസ്, അനിതബാബു, എല്‍സി മാത്യു, സാലി തോമസ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ബേബിച്ചന്‍ വെച്ചൂച്ചിറ, ആലിച്ചന്‍ ആറൊന്നില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

                (പിഎന്‍പി 3005/18)

date