Skip to main content

ഫിസിയോതെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്തു

 

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ചാത്തങ്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ഫിസിയോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് നിര്‍വഹിച്ചു. പാലിയേറ്റീവ് കെയര്‍ സെക്കന്‍ഡറി യൂണിറ്റില്‍ ഉള്‍പ്പെട്ട ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷത സൂസമ്മ പൗലോസ്, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ തോമസ്, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുമ ചെറിയാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.മാമ്മന്‍ പി.ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ജില്ലയില്‍ സാമൂഹ്യാരോഗ്യകേന്ദ്ര തലത്തിലുള്ള ആദ്യത്തെ ഫിസിയോതെറാപ്പി സെന്ററാണ് ഇത്. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിവിഹിതമായ നാല് ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റര്‍ തയാറാക്കിയിട്ടുള്ളത്. ഫിസിയോതെറാപ്പിസ്റ്റിനെയും സ്റ്റാഫ് നഴ്‌സിനെയും നിയോഗിച്ചിരിക്കുന്നത് ദേശീയാരോഗ്യ ദൗത്യമാണ്. നടുവേദന, കഴുത്ത് വേദന, തോള്‍ വേദന, കൈകാല്‍മുട്ട് വേദന, പക്ഷാഘാതം, ജീവിതശൈലിരോഗങ്ങള്‍, നട്ടെല്ലിന് ഏറ്റ ക്ഷതങ്ങള്‍, വാതരോഗങ്ങള്‍, സന്ധി-ഞരമ്പ് പേശിരോഗങ്ങള്‍, പാര്‍ക്കിന്‍സണ്‍ രോഗം, കുട്ടികള്‍ക്കുണ്ടാകുന്ന സെറിബ്രല്‍ പള്‍സി, എര്‍ബ്‌സ് പ്ലാസി, ക്ലബ്ഫൂട്ട്, ടോര്‍ട്ടികോളിസ് തുടങ്ങിയവയ്ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. എല്ലാ ആഴ്ചയിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 1.30 വരെ ഫിസിയോതെറാപ്പി ഒ.പി പ്രവര്‍ത്തിക്കും. മറ്റ് ദിവസങ്ങളില്‍ അത്യാവശ്യമുള്ള കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ചെന്ന് ഫിസിയോതെറാപ്പി സേവനം ലഭ്യമാക്കും.                   (പിഎന്‍പി 3007/18)

date