Skip to main content

മഹാത്മാഗാന്ധിയുടെ 70ാം രക്തസാക്ഷിത്വ വാര്‍ഷികാചരണം  'രക്തസാക്ഷ്യം' സംഘടിപ്പിക്കും

 

സാംസ്‌കാരിക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, പുരാരേഖ -പുരാവസ്തു വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വ വാര്‍ഷികം 'രക്തസാക്ഷ്യം' എന്ന പേരില്‍ ആചരിക്കും. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും സമുചിതമായി പരിപാടി സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പയ്യന്നൂര്‍, പാലക്കാട് ശബരി ആ്രശമം, തവനൂര്‍, വൈക്കം, വെങ്ങാനൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുദിവസം വീതം നീണ്ടു നില്‍ക്കുന്ന വിപുലമായ ആചരണ പരിപാടികള്‍ സംഘടിപ്പിക്കും. ഉപ്പു സത്യഗ്രഹത്തിന്റെ ഭാഗമായ പയ്യന്നൂരിലെ ആഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ രണ്ട് വരെ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കും. പ്രതിമാ അനാഛാദനം, ദേശീയ സെമിനാര്‍, സാഹിത്യ സമ്മേളനം, അനുസ്മരണ സമ്മേളനം, പുസ്തക പ്രകാശനം തുടങ്ങിയ പരിപാടികള്‍ നടക്കും. 30ന് ദേശീയ സെമിനാര്‍ ഡല്‍ഹി ജെ.എന്‍.യു.വിലെ പ്രൊഫ.ഡോ. സതീഷ് ദേശ്പാണ്‌ഡെ ഉദ്ഘാടനം ചെയ്യും. ഒക്‌ടോബര്‍ ഒന്നിന് സാഹിത്യ സമ്മേളനം ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് സമാപന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. പയ്യന്നൂര്‍ നഗരസഭ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും.

എല്ലാ ബ്ലോക്കുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ശുചീകരണ പ്രക്രിയക്കൊപ്പം ഒക്‌ടോബര്‍ രണ്ട് മുതല്‍ 15 വരെ ഇത് സംബന്ധിച്ച വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ട് മുതല്‍ രണ്ടാഴ്ചക്കാലം പട്ടികജാതി വകുപ്പ് ഗാന്ധിജിയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് രാവിലെ കണ്ണൂര്‍ ഡി.പി.സി ഹാളില്‍ പട്ടികജാതി മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. ജില്ലകളില്‍ ശുചീകരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.

         പി.എന്‍.എക്‌സ്.4151/18

date