Skip to main content

പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണം :  ഗ്രന്ഥശാല സംഘത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തണം

പ്ലാസ്റ്റിക്‌ സംസ്‌കരണം, ശൂചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം തുടങ്ങിയവ സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ ആധുനിക കാലത്തിനനുസരിച്ചുളള അവബോധം വളര്‍ത്താനും പ്രയോഗികള്‍ ഇടപെടല്‍ നടത്താനും ലൈബ്രറി കൗണ്‍സിലുകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാവണമെന്ന്‌ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഏ സി മൊയ്‌തീന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ തൃശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പിരിച്ചെടുത്ത്‌ 1365782 രൂപയുടെ ചെക്ക്‌ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി. ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട്‌ മുരളി പെരുനെല്ലി എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. കേരളത്തെ സാംസ്‌ക്കാരികമായി നിര്‍മ്മിക്കുന്നതില്‍ മുന്‍കാലങ്ങളില്‍ കേരള ഗ്രന്ഥശാല പ്രസ്ഥാനം വലിയ പങ്കാണ്‌ വഹിച്ചത്‌. പഴയകാലത്തെ ഗുണാംശങ്ങളെ തിരിച്ചു പിടിക്കാന്‍ സാധിക്കും എന്നതിന്‌ തെളിവാണ്‌ ദുരിതാശ്വാസനിധി സമാഹരണത്തില്‍ ഗ്രന്ഥശാല സംഘം നടത്തിയ ഇടപെടല്‍. ഇതിനെ മറ്റു കാര്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിണം. മന്ത്രി ഏ സി മൊയ്‌തീന്‍ പറഞ്ഞു. പരിസ്ഥിതി സൗഹൃദമായി മാത്രമേ മുന്നോട്ട്‌ പോകാന്‍ കഴിയൂ എന്നാണ്‌ ഈ പ്രളയം കേരളത്തെ പഠിപ്പിച്ചത്‌. അത്‌ തുടരുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. ജീവിതത്തിന്റെ സജീവതയിലേക്ക്‌ പ്രളയബാധിതരെ കൊണ്ട്‌ വരാന്‍ കാര്‍ഷിക, കാര്‍ഷികേതര, ചെറുകിട, വ്യവസായ മേഖലകളില്‍ വലിയ ഇടപെടലാണ്‌ സര്‍ക്കാര്‍ നടത്തുന്നത്‌. കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ തൊഴില്‍ ഉറപ്പു പദ്ധതി തുടങ്ങിയവയെയും ഇതിനുപയോഗപ്പെടുത്തും. സാലറി ചാലഞ്ചിന്റെ പേരില്‍ ഇപ്പോള്‍ നടത്തുന്ന വിവാദം അനാവശ്യമാണ്‌. ഞാന്‍ വാങ്ങുന്ന ശമ്പളം ജനങ്ങളുടേത്‌ കൂടിയാണ്‌ എന്ന ബോധമുളള മനുഷ്യരായി ഒരു മാസത്തെ ശമ്പളം കഴിയാവുന്നവര്‍ നല്‍കണം എന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. തീരെ കഴിയാത്തവര്‍ക്ക്‌ വിസമ്മതപത്രം നല്‍കാനും അവസരമുണ്ട്‌. വിസമ്മതപത്രം നല്‍കുന്നവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല. മന്ത്രി ഏ സി മൊയ്‌തീന്‍ വ്യക്തമാക്കി. പരിപാടിയുടെ മുന്നോടിയായി പ്രളയാനന്തരം കേരളം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഡോ.കാവുമ്പായി ബാലകൃഷ്‌ണന്‍ വിഷയം അവതരിപ്പിച്ചു. യു പി വിഭാഗം വായന മത്സരത്തില്‍ വിജയികളായ രാം ദേവ്‌ (കിഴുപ്പുളളിക്കര വായനശാല) രണ്ടാം സ്ഥാനം നേടിയ പി എ അഗജ (എറിയാട്‌ മുഹമ്മദ്‌ അബ്‌ദുള്‍ റഹ്മാന്‍ വായനശാല), മൂന്നാം സ്ഥാനം നേടിയ എം അമൃത (ആലേങ്ങാട്‌ ജനത ഗ്രന്ഥാലയം) എന്നിവര്‍ക്ക്‌ മന്ത്രി ഏ സി മൊയ്‌തീന്‍ സമ്മാനവിതരണം നടത്തി. കൗണ്‍സില്‍ അംഗങ്ങളായ ടി കെ വാസു, ആരിഫാ ടീച്ചര്‍, നൗഷാദ്‌ കൈതവളപ്പില്‍, ശാലിനി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ എന്‍ ഹരി സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി രാജന്‍ എരവത്തൂര്‍ നന്ദിയും പറഞ്ഞു.

date