Skip to main content

ജില്ലയിലെ പ്രളയ കെടുതികള്‍  കേന്ദ്ര സംഘം നേരിട്ടു വിലയിരുത്തി

 

കേന്ദ്ര ആഭ്യന്തര വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി വി.ആര്‍.ശര്‍മ്മയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ജില്ലയിലെ പ്രളയ കെടുതികള്‍ നേരിട്ട് വിലയിരുത്തി. ഇന്നലെ രാവിലെ തിരുവല്ല ഹോട്ടല്‍ എലൈറ്റില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, മറ്റ് ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സംഘം  ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തിയത്. പ്രളയത്തില്‍ ജില്ലയ്ക്കു നേരിടേണ്ടി വന്ന ദുരിതം വിവരിക്കുന്ന വീഡിയോ അവതരണം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സംഘത്തിനു മുന്‍പാകെ നടത്തി. 

പ്രളയ സമയത്തെ ദുരിതവും രക്ഷാപ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ചകളും ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ വീഡിയോ അവതരണത്തില്‍ രക്ഷാപ്രവര്‍ത്തനം മുതല്‍ ശുചീകരണം വരെ ഓഗസ്റ്റ് 14 മുതല്‍ ഒരു മാസക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണം ഉള്‍ക്കൊള്ളിച്ചിരുന്നു. ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും ഉണ്ടായ നാശനഷ്ടം സംബന്ധിച്ച് വിശദമായ കണക്കുകളും ജില്ലാ കളക്ടര്‍ സംഘത്തിന് കൈമാറി. 1810 കോടി രൂപയുടെ നാശനഷ്ടമാണ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കുമായി തിട്ടപ്പെടുത്തിയിട്ടുള്ളത്. കൃഷി വകുപ്പ് 66.03 കോടി രൂപ, മൃഗസംരക്ഷണം 16.89 കോടി രൂപ, സപ്ലൈകോ 8.32 കോടി രൂപ, പൊതുവിതരണ വകുപ്പ് ഒരു കോടി രൂപ, പൊതുമരാമത്ത് നിരത്ത് 446 കോടി രൂപ,  പൊതുമരാമത്ത് കെട്ടിട വിഭാഗം 2.96 കോടി രൂപ, വൈദ്യുതി വകുപ്പ് 33 കോടി രൂപ, ജലസേചന വകുപ്പ് 50 കോടി രൂപ, വാട്ടര്‍ അതോറിറ്റി 69 കോടി രൂപ, വാട്ടര്‍ അതോറിറ്റി പിഎച്ച് ഡിവിഷന്‍ 70 കോടി രൂപ, മൈനര്‍ ഇറിഗേഷന്‍ 36.3 കോടി രൂപ, പഞ്ചായത്തുകള്‍ 159 കോടി രൂപ, മുന്‍സിപ്പാലിറ്റികള്‍ 65.3 കോടി രൂപ, ഫിഷറീസ് 3.94 കോടി രൂപ, കെഎസ്ആര്‍ടിസി 1.65 കോടി രൂപ, മറ്റ് ഏജന്‍സികള്‍ 781.59 കോടി രൂപ എന്നിങ്ങനെയാണ് നഷ്ടം സംഭവിച്ചിട്ടുള്ളത്. സ്വകാര്യ വ്യക്തികള്‍ക്കുണ്ടായ നാശനഷ്ടം സംബന്ധിച്ച് പൂര്‍ണമായ വിവരം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ 18 പഞ്ചായത്തുകളെ പ്രളയം പൂര്‍ണമായും ബാധിച്ചതായും 27 പഞ്ചായത്തുകളെ ഭാഗികമായി ബാധിച്ചതായും കളക്ടര്‍ സംഘത്തെ അറിയിച്ചു. 51868 വീടുകളും 2944 ഓഫീസുകളും 821 പൊതുസ്ഥലങ്ങളും 36352 കിണറുകളും ശുചീകരിച്ചു. റാന്നി താലൂക്കിലെ പെരുനാട് വില്ലേജില്‍ പെട്ട ബിമ്മരം, കോന്നി താലൂക്കിലെ ചിറ്റാര്‍ വില്ലേജിലുള്ള വയ്യാറ്റുപുഴ, മീന്‍കുഴി എന്നീ ജനവാസ കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി. ഇതിനു പുറമേ വന മേഖലകളില്‍ 14 സ്ഥലങ്ങളിലും ഉരുള്‍ പൊട്ടലുകള്‍ ഉണ്ടായി. ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുന്നതിന് ജില്ലയില്‍ ഏഴ് ഹബുകള്‍ ആരംഭിക്കുകയും 58595 കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. 1696 ദുരിതാശ്വാസ ക്യാമ്പുകളിലായി 58087 കുടുംബങ്ങളിലെ 133077 പേരെയാണ് മാറ്റി പാര്‍പ്പിച്ചത്.  രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 20.97 കോടിരൂപ ചെലവായതായും ജില്ലാ കളക്ടര്‍ അറിയിച്ചു. 

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എ.വി. ധര്‍മ്മ റെഡ്ഡി, കേന്ദ്ര ആരോഗ്യ വകുപ്പിലെ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. അലി മണിക് ഫാന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, എഡിഎം പി.ടി. ഏബ്രഹാം, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ എസ്. ശിവപ്രസാദ്, ആര്‍ഡിഒമാരായ റ്റി.കെ. വിനീത്, എം.എ. റഹീം, തഹസീല്‍ദാര്‍മാരായ ശോഭന ചന്ദ്രന്‍, ബി.ജ്യോതി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 

date