Skip to main content

ജില്ലയുടെ നാശനഷ്ടങ്ങള്‍ കണ്ടറിഞ്ഞ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം

 

പ്രളയ കെടുതിയുടെ നാശനഷ്ടങ്ങള്‍ കണ്ടറിഞ്ഞ് കേന്ദ്ര സംഘം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. തിരുവല്ല താലൂക്കിലെ കടപ്ര വില്ലേജിലെ പുളിക്കീഴ് സീറോലാന്‍ഡ്‌ലെസ് കോളനിയിലാണ് സംഘം ആദ്യം എത്തിയത്. പ്രദേശവാസികളായ കടവിലേത്ത് ബിന്ദു രമേശ്, കിഴക്കേ വീട്ടില്‍ ലീന അശോക് എന്നിവരില്‍ നിന്നും കേന്ദ്ര സംഘം വിവരങ്ങള്‍ ആരാഞ്ഞു. ബിന്ദു രമേശിന്റെ വീട് മരം വീണ് പൂര്‍ണമായും തകര്‍ന്നിരുന്നു. പ്രളയസമയത്ത് സീറോലാന്‍ഡ്‌ലെസ്  പ്രദേശത്തുണ്ടായിരുന്ന എല്ലാ വീടുകളും മുങ്ങിപ്പോയതായി പ്രദേശവാസികള്‍ സംഘത്തെ അറിയിച്ചു. ഈ പ്രദേശത്ത് സ്ഥിരമായി വെള്ളപ്പൊക്കം ഉണ്ടാകുന്നതിനാല്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും 2015ല്‍ ഭൂരഹിതര്‍ക്ക് ഇവിടെ സ്ഥലം അനുവദിച്ച ശേഷം ഇത്രയും രൂക്ഷമായ വെള്ളപ്പൊക്കം ആദ്യമായാണ് ഉണ്ടാകുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് കേന്ദ്ര സംഘത്തെ അറിയിച്ചു. ഇപ്പോഴുണ്ടായ പ്രളയ കെടുതിയുടെ പശ്ചാത്തലത്തില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്ന വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. പ്രളയസമയത്ത് റവന്യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും എല്ലാവിധ സഹായങ്ങളും ലഭിച്ചതായി പ്രദേശവാസികള്‍ സംഘത്തെ അറിയിച്ചു. സീറോലാന്‍ഡ്‌ലെസ് കോളനിയിലെ കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനു പുറമേ ജനങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ റവന്യു വകുപ്പിന്റെ ചുമതലയില്‍ എത്തിക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. 

നിരണം വില്ലേജിലെ ഡക്ക് ഫാമിലാണ് സംഘം തുടര്‍ന്ന് സന്ദര്‍ശനം നടത്തിയത്. പ്രളയ കെടുതി രൂക്ഷമായ സമയത്തെ ഡക്ക് ഫാമിന്റെ അവസ്ഥ വിവരിക്കുന്ന വീഡിയോ ഫാം അധികൃതര്‍ സംഘത്തിനു മുന്‍പാകെ അവതരിപ്പിച്ചു. പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ട താറാവുകളെ കത്തിക്കുന്നത് ഉള്‍പ്പെടെയുള്ള വീഡിയോകളാണ് പ്രദര്‍ശിപ്പിച്ചത്. ഹൈബ്രിഡ് താറാവ് ഇനമായ വിഗോവ സൂപ്പര്‍ എം എന്ന വിഭാഗത്തില്‍ പെടുന്ന 200 താറാവുകളും കുട്ടനാടിന്റെ തനത് താറാവ് ഇനങ്ങളായ കുട്ടനാടന്‍ ചാര, കുട്ടനാടന്‍ ചെമ്പല്ലി എന്നീ വിഭാഗങ്ങളില്‍ പെടുന്ന 1920 താറാവ് കുഞ്ഞുങ്ങളെയാണ് പ്രളയത്തില്‍ നഷ്ടമായത്. കുട്ടനാടന്‍ തനത് ഇനം താറാവ് കുഞ്ഞുങ്ങളില്‍ ഭൂരിപക്ഷവും ചത്തൊടുങ്ങിയതോടെ ഈ ഇനത്തില്‍പ്പെട്ട നാമമാത്രമായ താറാവുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. യന്ത്രസാമഗ്രികള്‍ക്കുണ്ടായ നാശനഷ്ടം, താറാവ് തീറ്റയ്ക്കുണ്ടായ നഷ്ടം തുടങ്ങിയവ സംബന്ധിച്ച വിശദ വിവരങ്ങളും ഫാം അധികൃതര്‍ കേന്ദ്ര സംഘത്തെ അറിയിച്ചു. 

ആറന്മുള തറയില്‍മുക്കില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറിന്റെ ഭാഗത്തെ പ്രളയ ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്  സംഘം പരിശോധിച്ചു. ഇവിടെ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ പൂര്‍ണമായും പ്രളയത്തില്‍ മുങ്ങി പോയിരുന്നു. 

പ്രളയ കെടുതി ഏറ്റവും രൂക്ഷമായ കോഴഞ്ചേരി താലൂക്കിലെ എഴിക്കാട് കോളനിയിലാണ് സംഘം അടുത്തതായി സന്ദര്‍ശനം നടത്തിയത്. 450 കുടുംബങ്ങളുള്ള എഴിക്കാട് കോളനിയിലെ 263 കുടുംബങ്ങള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സംഘത്തെ അറിയിച്ചു. ഇവിടെ 85 വീടുകള്‍ പൂര്‍ണമായി തകരുകയും 139 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. 90 ശൗചാലയങ്ങള്‍ ഉപയോഗ ശൂന്യമായി. 16 പശുക്കളും 110 കോഴികളും പ്രളയത്തില്‍ നഷ്ടമായി.  എഴിക്കാട് കോളനിയിലെ ബ്ലോക്ക് 146, 147 എന്നിവിടങ്ങളിലെ വീടുകളാണ് സംഘം സന്ദര്‍ശിച്ചത്. എഴിക്കാട് കോളനിയില്‍ മാത്രം അഞ്ച് കോടിയില്‍ അധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇവിടുത്തെ 13 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. പ്രളയത്തില്‍ കുടിവെള്ള സ്രോതസുകള്‍ മലിനമായതു കാരണം കോളനിയിലേക്ക് കുടിവെള്ളം ടാങ്കറുകളില്‍ എത്തിച്ചാണ് ഇപ്പോഴും വിതരണം നടത്തുന്നതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

കുറിയന്നൂര്‍ മാടമ്പി മലയില്‍ ആന്റണി കുര്യന്റെ കൃഷിനാശം കേന്ദ്ര സംഘം വിലയിരുത്തി. ഏഴര ഏക്കര്‍ സ്ഥലത്ത് ഏകദേശം 1200 വാഴ, 800 ചേന, 700 കാച്ചില്‍ എന്നിവയ്ക്ക് ഉണ്ടായ നാശനഷ്ടം സംഘം നേരിട്ടു വിലയിരുത്തി. ഓണവിപണിയിലേക്ക് തയാറായിരുന്ന 1200 ഓളം വാഴക്കുലകളാണ് നഷ്ടപ്പെട്ടതെന്ന് കര്‍ഷകനായ ആന്റണി കുര്യന്‍ സംഘത്തോടു പറഞ്ഞു. ഏത്തവാഴ, ചേന ഇവയുടെ കൃഷി രീതികള്‍, വിപണിയിലെ ആവശ്യകത എന്നിവ സംബന്ധിച്ച് സംഘം ആരാഞ്ഞു. കേരളത്തിലെ പ്രധാന ഉത്സവമായ ഓണത്തിന് ഏറ്റവും ആവശ്യകതയുള്ള വിളവാണ് ഏത്തക്കുലകളെന്നും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുവാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും ജില്ലാ കളക്ടര്‍ സംഘത്തെ അറിയിച്ചു. 

തോട്ടപ്പുഴശേരി വില്ലേജിലെ കുറിയന്നൂര്‍ ചക്കനാട്ട് റെഞ്ചിയുടെ കൃഷി തോട്ടത്തിലെ നാശമാണ് സംഘം തുടര്‍ന്നു വിലയിരുത്തിയത്. ജാതി, മാങ്കോസ്റ്റിന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, റമ്പൂട്ടാന്‍, വിവിധ തരം വാഴകള്‍ തുടങ്ങിയവ കൃഷി ചെയ്യുന്ന റെഞ്ചിയുടെ തോട്ടത്തില്‍ രണ്ട് അടിയില്‍ അധികം ചെളി അടിഞ്ഞിട്ടുണ്ട്. ഫല വൃക്ഷങ്ങള്‍ മിക്കതും പ്രളയത്തില്‍ നഷ്ടപ്പെട്ടു. ഇതിനു പുറമേ ഇദ്ദേഹത്തിന്റെ വീട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. വീടിന് ഉള്ളില്‍ ഒരു അടിയില്‍ അധികം ചെളി അടിയുകയും ചെയ്തിരുന്നു. പമ്പാ നദിയുടെ തീരത്തുള്ള റെഞ്ചിയുടെ കൃഷിയിടവും ഫല വൃക്ഷങ്ങളിലെ വിളവ് സംസ്‌കരിച്ച് എടുക്കുന്നതിന് തയാറാക്കിയിരുന്ന കെട്ടിടവും ഇതിന് ഉള്ളിലെ സംവിധാനങ്ങളും പൂര്‍ണമായും നഷ്ടപ്പെട്ടു. രണ്ടു ലക്ഷം രൂപയോളം ചെലവഴിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് റെഞ്ചി സംഘത്തെ അറിയിച്ചു. 25 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായും ഇദ്ദേഹം പറഞ്ഞു. 

date