Skip to main content

മലയാളത്തിളക്കം ശില്പശാല തുടങ്ങി

 

പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ഭാഷാശേഷി വികസനം ലക്ഷ്യമിട്ടുകൊണ്ട് സമഗ്രശിക്ഷാ അഭിയാന്‍ തുടങ്ങിയ മലയാളത്തിളക്കം പദ്ധതി ഹൈസ്‌കൂള്‍ ക്ലാസുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ പഴകുളം പാസ്സില്‍ ആറു ദിവസത്തെ സംസ്ഥാനതല ശില്പമശാല ആരംഭിച്ചു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും, അടൂര്‍ നഗരസഭയുടെയും പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ സ്‌കൂളുകളിലെത്തി പരിശീലനം നല്‍കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ശില്പശാല ഉദ്ഘാടനം ചെയ്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍, അടൂര്‍ എ.ഇ.ഒ വിജയലക്ഷ്മി, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരായ ജോസ് മാത്യു, റ്റി.പി.രാധാകൃഷ്ണന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മനോജ് എന്നിവര്‍ സംസാരിച്ചു. 

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ബി.ആര്‍.സികളില്‍ നിന്നുള്ള 50ഓളം ട്രയിനര്‍മാരും സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍മാരും പങ്കെടുക്കുന്ന ശില്പശാല 29ന് സമാപിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പദ്ധതികളിലൊന്നായ മലയാളത്തിളക്കം പ്രൈമറി ക്ലാസ്സുകളില്‍ വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈസ്‌കൂള്‍ ക്ലാസ്സുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നത്.                                   (പിഎന്‍പി 3030/18)

date