Skip to main content

'സോഫ്റ്റ്വെയര്‍ ഫ്രീഡം ഡേ': രണ്ടിന് കൈറ്റിന്റെ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്

    സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്‌കൂളുകളില്‍ 'ലിറ്റില്‍ കൈറ്റ്‌സ്' ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സെമിനാറുകള്‍, ഡിജിറ്റല്‍ പോസ്റ്റര്‍ രചന, പെയിന്റിംഗ് മത്സരങ്ങള്‍, അനിമേഷന്‍ നിര്‍മാണം, പ്രസന്റേഷനുകള്‍, സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഗാന്ധിജയന്തി ദിനം വരെ തുടരും. ഒക്ടോബര്‍ രണ്ടിന് കണ്ണൂര്‍ ജി.വി.എച്ച്. എസ്. എസി (സ്‌പോര്‍ട്‌സ്)ലെ കെറ്റ് ജില്ലാ ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് അവരുടെ കമ്പ്യൂട്ടറുകളില്‍ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന 'ഇന്‍സ്റ്റാള്‍ ഫെസ്റ്റ്' നടത്തും.
    ഐ.ടി@സ്‌കൂള്‍ ഗ്‌നൂ/ലിനക്‌സ് ഓപറേറ്റിംഗ് സിസ്റ്റം, ഓഫീസ് പാക്കേജുകള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ള ആപ്ലിക്കേഷനുകള്‍ അടങ്ങിയ സോഫ്റ്റ്വെയര്‍ സഞ്ചയമാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്നത്.  ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകളാണെങ്കില്‍ ഈ സഞ്ചയത്തിന് ഒന്നരലക്ഷം രൂപ ലൈസന്‍സ് ഇനത്തില്‍ നല്‍കേണ്ടിവരുമായിരുന്നു. ഇതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട ക്ലാസുകളും സംശയനിവാരണ സെക്ഷനുകളും ഒക്ടോബര്‍ രണ്ടിന് ജില്ലാ ഓഫീസില്‍ സംഘടിപ്പിച്ചിട്ടുണ്ട്. 
    ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 26-നകം കൈറ്റിന്റെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി സെര്‍വീസസ് മെനുവിനു കീഴിലുള്ള ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ www.kite.kerala.gov.in ല്‍ ലഭ്യമാണ്.

date