Skip to main content

പ്രളയക്കെടുതി : പഞ്ചായത്ത്തല യോഗം ചേര്‍ന്നു

 

    പ്രളയക്കെടുതി മൂലം മലമ്പുഴ നിയോജക മണ്ഡലത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചും അവ പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകള്‍ കൈക്കൊണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ യോഗം ചേര്‍ന്നു. കേരള ഭരണ പരിഷ്കാര കമ്മിഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ യുമായ വി.എസ്. അച്ചുതാനന്ദന്‍റെ  നിര്‍ദേശ പ്രകാരമാണ് യോഗം  ചേര്‍ന്നത്.   കൃഷിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ആര്‍.ഐ.ഡി.എഫ് പദ്ധതിയിലുള്‍പ്പെടുത്താന്‍  നബാര്‍ഡിന് സമര്‍പ്പിക്കുന്നതിന് കൃഷി വകുപ്പ് അസി. ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി.  എസ്റ്റിമേറ്റ് തുകയുടെ അഞ്ച് ശതമാനം ബന്ധപ്പെട്ട പഞ്ചായത്തുകള്‍ വകയിരുത്തും.
    പ്രളയക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍ നിര്‍മാണത്തിന്  അതത് പഞ്ചായത്തുകള്‍ എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം വകയിരുത്തും.  ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നബാര്‍ഡിന് സമര്‍പ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് എക്സി. എഞ്ചിനീയറെ യോഗം ചുമതലപ്പെടുത്തി. മണ്ഡലത്തിലെ ആദിവാസി മേഖലയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുത്തി എസ്റ്റിമെറ്റ് തയ്യാറാക്കുന്നതിനും ആവശ്യമായ തുക എസ്.ടി കോര്‍പ്പസ് ഫണ്ടിലുള്‍പ്പെടുത്തുന്നതിനും ജില്ലാ പട്ടികജാതി വികസന ഓഫീസറോട് നിര്‍ദേശിച്ചു. ചെക്ക് ഡാം തകര്‍ന്ന് മണല്‍ മൂടിയ പാടശേഖരങ്ങളിലെ മണല്‍ നീക്കം ചെയ്യുന്നതിന് 15 ലക്ഷം അനുവദിച്ചതായി ദാരദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പ്രവൃത്തി ഉടന്‍ ആരംഭിക്കും.
പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജലക്ഷ്മി, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഇന്ദിരാ രാമചന്ദ്രന്‍, നബാര്‍ഡ് ജില്ലാ മാനെജര്‍, വി.എസ്.അച്ചുതാനന്ദന്‍ എം.എല്‍.എ യുടെ പേഴ്സനല്‍ അസിസ്റ്റന്‍റ് അനില്‍കുമാര്‍, ജില്ലാ ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date