Skip to main content

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ക്ക് കൂടുതല്‍ കരുതലും ശ്രദ്ധയും - മന്ത്രി കടകംപളളി സുരേന്ദ്രന്‍

 

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ക്ക് കൂടുതല്‍ കരുതലും ശ്രദ്ധയും സര്‍ക്കാര്‍ നല്‍കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പന്തളം ദേവസ്വം ഹാളില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളത്ത് പൂര്‍ത്തിയാക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതേ്യക സാഹചര്യത്തിലാണ് ഇത്തവണത്തെ തീര്‍ഥാടനം നടക്കുന്നത്. ബുദ്ധിമുട്ടുകള്‍ക്കിടയ്ക്ക് തീര്‍ഥാടനം ഏറ്റവും ഭംഗിയായി നടത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ചിങ്ങമാസപൂജയ്ക്കും ഓണത്തോടനുബന്ധിച്ചുള്ള പൂജയ്ക്കും തീര്‍ഥാടകരെ കടത്തിവിടുവാന്‍ കഴിഞ്ഞിരുന്നില്ല. ദേവസ്വംബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി കന്നിമാസ പൂജയ്ക്ക് തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുവാന്‍ കഴിഞ്ഞു. പ്രളയം തകര്‍ത്ത പമ്പയുടെ പുനരുദ്ധാരണത്തിനായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കമലവര്‍ദ്ധനറാവുവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രതേ്യക ടീമിനെ നിയോഗിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലുള്ള ഈ ടീമാണ് പമ്പയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. രാജ്യത്തെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പായ ടാറ്റ പ്രോജക്ട്‌സിനെയാണ് ഇതിന്റെ ചുമതലയേല്‍പ്പിച്ചത്. 21 കോടി രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ടാറ്റ പ്രോജക്ട്‌സ് പമ്പയില്‍ നടത്തിവരുന്നത്. ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി പമ്പയില്‍ മണ്ണിനടിയിലായ രണ്ട് പാലങ്ങള്‍ വീണ്ടെടുത്ത് ഗതാഗതയോഗ്യമാക്കുവാന്‍ കഴിഞ്ഞു. ഇതിന്റെ ബലപരിശോധനയില്‍ കാര്യമായ തകരാറുകള്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍ തീര്‍ഥാടന കാലത്തിന് മുമ്പ് ഒരിക്കല്‍കൂടി പാലങ്ങളുടെ ബലപരിശോധന നടത്തും. 

 അമേരിക്കയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി 21ന് മടങ്ങിയെത്തിയതിന്  ശേഷം ആദ്യം വിളിച്ചുചേര്‍ത്ത യോഗം ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. പമ്പയില്‍ നടന്നുവരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി സംതൃപ്തി രേഖപ്പെടുത്തുകയും പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. 

പമ്പയില്‍ ഉണ്ടായിരുന്ന മിക്ക അടിസ്ഥാന സൗകര്യങ്ങളും പ്രളയത്തില്‍ നഷ്ടമായ സാഹചര്യത്തില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി നിലനിര്‍ത്തി തീര്‍ഥാടനം സുഗമമായി നടത്താനാണ് തീരുമാനം. തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിലയ്ക്കലില്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. നിലയ്ക്കലും പമ്പയിലുമായി കുടിവെള്ള വിതരണത്തിന് മാത്രം  ആറ് കോടി രൂപയുടെ പദ്ധതിയാണ് വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്നത്. രണ്ട് ലക്ഷം ആളുകള്‍ക്ക് നിലയ്ക്കലില്‍ കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 10000 പേര്‍ക്ക് വിരിവയ്ക്കുന്നതിനുള്ള സംവിധാനവും ക്രമീകരിക്കും. പമ്പയില്‍ എന്തെല്ലാം സൗകര്യങ്ങള്‍ ലഭ്യമായിരുന്നുവോ അതെല്ലാം നിലയ്ക്കലില്‍ ലഭ്യമാക്കുന്നതിനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കേന്ദ്രം എന്ന നിലയില്‍ പന്തളത്തിന് മുന്തിയ പ്രാധാന്യമാണ് നല്‍കുന്നത്. കഴിഞ്ഞ തീര്‍ഥാടന കാലയളവില്‍ ഒക്‌ടോബര്‍ 28നാണ് പന്തളത്ത് അവലോകനയോഗം ചേര്‍ന്നത്. എന്നാല്‍ ഇത്തവണ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പന്തളത്ത് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ വളരെ നേരത്തേ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ വേഗം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.  വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പന്തളത്ത് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തി. 

പൊതുമരാമത്ത് വകുപ്പ് 123 വര്‍ക്കുകള്‍ ടെന്‍ഡര്‍ ചെയ്തു

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നിരത്ത് വിഭാഗം പത്തനംതിട്ട ഡിവിഷനില്‍ 123 വര്‍ക്കുകള്‍ ടെന്‍ഡര്‍ ചെയ്തിട്ടുള്ളതായും നവംബര്‍ ആദ്യവാരത്തോടെ ജോലികള്‍ പൂര്‍ത്തിയാക്കത്തക്കവിധമാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും അധികൃതര്‍ അറിയിച്ചു.  നഗരസഭയുടെ ചുമതലയിലുള്ള റോഡുകള്‍ക്ക് പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ശബരിമല സീസണിന് മുന്നോടിയായി 200 കോടി രൂപയുടെ റോഡുപണികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. 

വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കും

ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ശുചീകരണത്തിനായി 25 വിശുദ്ധി സേനാംഗങ്ങളെ മുന്‍വര്‍ഷങ്ങളിലേതുപോലെ നിയോഗിക്കുമെന്ന് അടൂര്‍ ആര്‍ഡിഒ പറഞ്ഞു. നഗരസഭയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ നടത്തും. ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി നഗരസഭയ്ക്ക് പ്രതേ്യക ഫണ്ട് അനുവദിക്കണമെന്ന് പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ റ്റി.കെ.സതി ആവശ്യപ്പെട്ടു.

ആറന്മുളയില്‍ പ്രതേ്യക യോഗം ചേരും

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം എന്ന നിലയില്‍ ആറന്മുള എംഎല്‍എ വീണാജോര്‍ജിന്റെ അഭ്യര്‍ഥന പ്രകാരം ആറന്മുളയില്‍     പ്രതേ്യക യോഗം അടുത്ത മാസം ചേരുമെന്ന് മന്ത്രി പറഞ്ഞു. 

കെഎസ്ആര്‍ടിസി പ്രതേ്യക സ്റ്റോപ്പ് അനുവദിക്കും

ശബരിമല തീര്‍ഥാടന കാലയളവില്‍ പന്തളം വലിയകോയിക്കല്‍ ശാസ്താക്ഷേത്രത്തിന് സമീപം സൂപ്പര്‍ ഡീലക്‌സ് ഉള്‍പ്പെടെയുള്ള എല്ലാ കെഎസ്ആര്‍ടിസി ബസുകള്‍ക്കും പ്രതേ്യക സ്റ്റോപ്പ് അനുവദിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. പന്തളത്തു നിന്നും മുന്‍വര്‍ഷങ്ങളിലേതുപോലെ ആവശ്യമായ ഷെഡ്യൂളുകള്‍ പമ്പയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും കെഎസ്ആര്‍ടിസി ക്രമീകരിക്കും. 

ഗ്രീന്‍ പ്രോട്ടോക്കോളിന് വ്യാപക പ്രചരണം നല്‍കും

ശബരിമല തീര്‍ഥാടനം പ്രകൃതിസൗഹൃദമായി നടത്തുന്നതിന് പ്ലാസ്റ്റിക് ഒഴിവാക്കുക  എന്ന സന്ദേശം തീര്‍ഥാടകരിലെത്തിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വ്യാപകമായ പ്രചരണം സംഘടിപ്പിക്കും. ഗ്രീന്‍ പ്രോട്ടോക്കോളിന് വ്യാപക പ്രചരണം നല്‍കുന്നതിന് മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും ഉണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.  

ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്ത്രിന് സമീപം ആംബുലന്‍സ് സൗകര്യത്തോടെയുള്ള താത്ക്കാലിക ആശുപത്രി സജ്ജീകരിക്കും. പോലീസിന്റെ ചുമതലയില്‍ ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷയ്ക്കുമായി പ്രതേ്യക പദ്ധതി തയാറാക്കി നടപ്പാക്കും. പോലീസിന്റെ ആഭിമുഖ്യത്തില്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ചുക്കുകാപ്പി വിതരണം, തിരുവാഭരണത്തിന് പ്രതേ്യക സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയും ഏര്‍പ്പെടുത്തും.  വൈദ്യുതി വകുപ്പ് ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കും. കുടിവെള്ളത്തിന്റെയും ഭക്ഷണ സാധനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തീര്‍ഥാടന കാലയളവില്‍ പന്തളത്ത് സേവനം അനുഷ്ഠിക്കുന്ന പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കുന്നതിന് നഗരസഭയും ദേവസ്വംബോര്‍ഡും കൂടിയാലോചിച്ച് ക്രമീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും ഏകോപനവും നിര്‍വഹിക്കും. ഒരു മാസത്തിന് ശേഷം പന്തളത്ത് ഒരു യോഗം കൂടി ചേര്‍ന്ന് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തും. 

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ദേവസ്വംബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, പന്തളം നഗരസഭാധ്യക്ഷ റ്റി.കെ.സതി, ആര്‍ഡിഒമാരായ എം.എ.റഹിം, ടി.കെ.വിനീത്, ഡിവൈഎസ്പി ആര്‍.ജോസ്,  ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.ശങ്കരന്‍ പോറ്റി, പന്തളം കൊട്ടാരം നിര്‍വാഹകസമിതി പ്രസിഡന്റ് പി.ജി.ശശികുമാര വര്‍മ, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

                (പിഎന്‍പി 3043/18)

date