Skip to main content

ചരിത്രമെഴുതി നവകേരള ഭാഗ്യക്കുറി; തിരുവനന്തപുരത്ത് ടിക്കറ്റ് വില്‍പ്പന 20 കോടി കടന്നു

 

*** ഇന്നലെവരെ വിറ്റത് എട്ടു ലക്ഷത്തിനു മേല്‍ ടിക്കറ്റുകള്‍
*** നറുക്കെടുപ്പ് ഒക്ടോബര്‍ മൂന്നിന്, ടിക്കറ്റ് വില 250 രൂപ

കേരളത്തിന്റെ  പുനര്‍ നിര്‍മാണത്തിനു കൈത്താങ്ങാകാന്‍ ആവിഷ്‌കരിച്ച നവകേരള ഭാഗ്യക്കുറി സൂപ്പര്‍ ഹിറ്റ്. വില്‍പ്പന തുടങ്ങിയ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഇന്നലെ വരെ തിരുവനന്തപുരം ജില്ലയില്‍ വിറ്റുവരവ് 20 കോടി കടന്നു. എട്ടു ലക്ഷത്തിനുമേല്‍ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്.

നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയില്‍നിന്നു കേരളത്തെ കരയേറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായാണു നവകേരള എന്ന പേരില്‍ സര്‍ക്കാര്‍ ഭാഗ്യക്കുറി തുടങ്ങിയത്. ഈ മാസം മൂന്നിനു വില്‍പ്പന ആരംഭിച്ച ഭാഗ്യക്കുറിയെ ജില്ല ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്നലെ വരെ 8,28,560 ടിക്കറ്റുകള്‍ വിറ്റുപോയതായി ജില്ലാ ഭാഗ്യക്കുറി ഓഫിസില്‍നിന്ന് അറിയിച്ചു.

250 രൂപയാണു ടിക്കറ്റിന്റെ വില. ഒക്ടോബര്‍ മൂന്നിനാണു നറുക്കെടുപ്പ്. ഒരു ലക്ഷം രൂപയുടെ 90 ഒന്നാം സമ്മാനങ്ങളും അയ്യായിരം രൂപയുടെ 100800 സമ്മാനങ്ങളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നവകേരള ലോട്ടറിയില്‍നിന്നു ലഭിക്കുന്ന വരുമാനം പൂര്‍ണമായും കേരളത്തിന്റെ പ്രളയ ദുരിതാശ്വാസത്തിനായിട്ടാകും ഉപയോഗിക്കുക. 

നിലവിലുള്ള ഏജന്റുമാര്‍ക്കു പുറമേ രാഷ്ട്രീയ, സാംസ്‌കാരിക, സന്നദ്ധ സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബുകള്‍, കോളജ് പി.ടി.എകള്‍, ഗ്രന്ഥശാലകള്‍, കുടുംബശ്രീ സംഘങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്കു നവകേരള ലോട്ടറി വില്‍ക്കുന്നതിനു താത്കാലിക ഏജന്‍സി അനുവദിച്ചാണു ടിക്കറ്റ് വില്‍പ്പന നടത്തുന്നത്. ഏജന്‍സി എടുക്കുന്നവര്‍ക്ക് 25 ശതമാനം ഏജന്‍സി ഡിസ്‌കൗണ്ട് ലഭിക്കും. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ക്ക് പത്തു ശതമാനം ഏജന്‍സി പ്രൈസും ലഭിക്കും. 

ഭാഗ്യക്കുറിയുടെ പതിവ് സമ്മാന ഘടനയില്‍നിന്നു മാറി നവകേരള സൃഷ്ടിക്കുള്ള നിക്ഷേപം എന്ന നിലയ്ക്കാണു ലോട്ടറി വില്‍പ്പന. ഇതു ജനങ്ങള്‍ പൂര്‍ണ മനസോടെ ഏറ്റെടുത്തുവെന്നതാണ് ഭാഗ്യക്കുറി ടിക്കറ്റ് വില്‍പ്പനയിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്. സംസ്ഥാനമൊട്ടാകെ 90 ലക്ഷം നവകേരള ഭാഗ്യക്കുറികള്‍ വില്‍ക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ കഴിയാവുന്നത്രയും ടിക്കറ്റുകള്‍ വിറ്റഴിച്ച് നവകേരള സൃഷ്ടിയുടെ ഭാഗമാകാനുള്ള തയാറെടുപ്പിലാണ് ജില്ല.
(പി.ആര്‍.പി. 2367/2018)

date