Skip to main content

ചെറുന്നിയൂരില്‍ ഹരിതഭവനം പദ്ധതിക്കു തുടക്കമായി

 

വര്‍ക്കല ബ്ലോക്കിനു കീഴിലെ ചെറുന്നിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ മാതൃകാഭവനങ്ങള്‍ സൃഷ്ടിക്കുന്നതിനായി രൂപംനല്‍കിയ ഹരിതഭവനം പദ്ധതിക്കു തുടക്കമായി. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ പ്രേരിപ്പിക്കുകയും കാര്‍ഷികസംസ്‌കാരത്തിന്റെ നന്മകള്‍ നാട്ടിന്‍പുറത്തിന്റെ മണ്ണിലേക്ക് തിരികെ കൊണ്ടുവരുകയുമാണു പദ്ധതിയുടെ ലക്ഷ്യം. 

ജല സംരക്ഷണം, മാലിന്യ സംസ്‌കരണം, ജൈവകൃഷി എന്നിവയാണു ഹരിതഭവനം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കോഴി വളര്‍ത്തലും പദ്ധതിയുടെ ഭാഗമാണ്. ഗ്രാമസഭയിലൂടെ തെരഞ്ഞെടുത്ത 40 വീടുകളിലാണു പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പ്രകൃതിസംരക്ഷണത്തോടൊപ്പം സമഗ്ര വികസനവും ഇതിലൂടെ സാധ്യമാകുന്നു.

ഓരോ വീടിനും 23,000 രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.  ഇതില്‍ 14,000 രൂപ ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് നല്‍കും. 9,000 രൂപ ഗുണഭോക്താവ് കണ്ടെത്തണം. പദ്ധതിക്കായി തെരഞ്ഞെടുത്ത വീടുകളില്‍ ജല ലഭ്യത ഉറപ്പുവരുത്തുന്നതിനു കിണര്‍ റീച്ചാര്‍ജ് ചെയ്തു. ജൈവ കൃഷി പരിപോഷിപ്പിക്കുന്നതിനായി ഗ്രോബാഗ്, പച്ചക്കറി വിത്തുകള്‍, വൃക്ഷ തൈകള്‍, വളം എന്നിവ പഞ്ചായത്തില്‍ നിന്നു വീടുകളിലെത്തിക്കും. വിളയാരോഗ്യ ക്ലിനിക് വഴി സസ്യസംരക്ഷണവും ഉറപ്പാക്കുന്നു. മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടത്തുന്നതിന് വീടുകളില്‍ റിങ്, ബക്കറ്റ് കംപോസ്റ്റ് എന്നിവയും നിര്‍മിച്ചു.

സഹജീവികളോട് അനുഭാവവും ഒപ്പം വരുമാനവും ലക്ഷ്യമിട്ടാണു കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നത്. ഒരുവീടിന് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ സ്വയം ഉല്‍പ്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഹരിതഭവനം പദ്ധതി. ഫലപ്രദമായ മാലിന്യ നിര്‍മാര്‍ജനവും സുലഭമായ ജല ലഭ്യതയും കൂടിയാവുമ്പോള്‍ പദ്ധതിയിലുള്‍പ്പെട്ട വീടുകളെ മാതൃകാഭവനങ്ങളാക്കി മാറ്റാന്‍ കഴിയും. അതുവഴി നഷ്ടപ്പെട്ടുതുടങ്ങിയ കാര്‍ഷികസമൃദ്ധിയും ജൈവ ജീവിതശൈലിയും തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗുണഭോക്താക്കളും ബ്ലോക്ക് പഞ്ചായത്തും.
(പി.ആര്‍.പി. 2368/2018)

date