Skip to main content

അഞ്ചുചങ്ങല നിവാസികള്‍ക്ക് സ്ഥിരംപട്ടയം നല്‍കും

 

നെയ്യാര്‍ഡാം റിസര്‍വോയര്‍ പരിസരത്തെ അഞ്ചു ചങ്ങല പ്രദേശവാസികള്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകിയുടെയും  നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ ,ഗുണഭോക്താക്കള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ത്തത്. കള്ളിക്കാട് ജി.എസ്.എന്‍.ആഡിറ്റോറിയം, അമ്പൂരി സഹകരണ സംഘം ബാങ്ക് ഓഡിറ്റോറിയം എന്നിവടങ്ങളിലാണ് യോഗം നടന്നത്. രണ്ടിടങ്ങളിലുമായി ആയിരത്തോളം ഗുണഭോക്താക്കള്‍ പങ്കെടുത്തു.

ജനങ്ങളുടെ ഭൂമിയ്ക്കും സ്വത്തിനും സുരക്ഷിതത്വം നല്‍കുന്നതിനോടൊപ്പം സ്ഥിരം പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.  കളക്ടറും എം.എല്‍.എയും കഴിഞ്ഞ മാസം കള്ളിക്കാട്, അമ്പൂരി, വാഴിച്ചല്‍ ഡാം ക്യാച്ച്‌മെന്റ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.  പട്ടയ വിതരണവുമായി ബന്ധപ്പെട്ട് അവബോധം നല്‍കാന്‍ അടിയന്തിരമായി ഗുണഭോക്തകളെ ഉള്‍പ്പെടുത്തി യോഗം നടത്തണമെന്ന കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ന് യോഗം ചേര്‍ന്നത്. അപകടകരമാം വിധം ഡാമിനോട് ചേര്‍ന്ന് വീടുകളുള്ള 477 കുടുംബങ്ങളെയാണ് പട്ടയ വിതരണത്തിന്റെ ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്.

ഡാം സേഫ്റ്റി അതോറിറ്റിയുടെ മാനദണ്ഡം അനുസരിച്ച് സര്‍വ്വെ നടപടികള്‍ അടിയന്തിരമായി ആരംഭിക്കുവാനും, ആവശ്യമുള്ളവരെ പുനരധിവസിപ്പിക്കാനും, ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന പട്ടയത്തോടൊപ്പം അവര്‍ക്ക് അനുവദിച്ച ഭൂമിയുടെ സ്‌കെച്ച് നല്‍കാനും യോഗം തീരുമാനിച്ചു. നടപടികള്‍ ഉടന്‍ ആരംഭിക്കുവാന്‍ ഇറിഗേഷന്‍, റവന്യൂ, സര്‍വ്വെ എന്നീ വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. സര്‍വ്വെ നടപടികള്‍ക്കായി ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയും കളക്ടര്‍ അഭ്യര്‍ഥിച്ചു.  

കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ആര്‍.അജിത, അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് ബി.ഷാജി ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, തഹസില്‍ദാര്‍ ഷൈലജ ബീഗം വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രധിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2369/2018)

date